താഴ്ന്ന വരുമാനക്കാരായ പ്രവാസികള്‍ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളിലാണ് ജൂണില്‍ നടന്ന റെയ്ഡുകളില്‍ അധികൃതര്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ തൊഴില്‍, താാമസ നിയമലംഘകരായ പ്രവാസികള്‍ക്കായി നടത്തിവരുന്ന പരിശോധനകള്‍ തുടരുന്നു. മാന്‍പവര്‍ പബ്ലിക് അതോറിറ്റിയുടെ നേതൃത്വത്തില്‍ റെസിഡന്‍സ് അഫയേഴ്സ് ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പിന്റെ സഹകരണത്തോടെ ജൂണ്‍ മാസം നടന്ന പരിശോധനകളില്‍ ആകെ 922 പ്രവാസികളെ അറസ്റ്റ് ചെയ്തതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഇവരെ രാജ്യത്തു നിന്ന് നാടുകടത്താനുള്ള നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
ജൂണ്‍ മാസത്തില്‍ വിവിധ വകുപ്പുകള്‍ സംയുക്തമായി 24 പരിശോധനകള്‍ നടത്തി. പ്രധാനമായും എട്ട് മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു റെയ്ഡുകള്‍. ഫര്‍വാനിയ, കബദ്, ഉമ്മു അല്‍ ഹയ്‍മാന്‍, അല്‍ ദഹ്‍ര്‍, ശുവൈഖ്, ജലീബ് അല്‍ ശുയൂഖ്, മഹ്‍ബുല, ഖൈത്താന്‍ എന്നിവിടങ്ങളില്‍ പരിശോധനാ ഉദ്യോഗസ്ഥര്‍ പലവട്ടമെത്തി റെയ്ഡ് നടത്തി. താഴ്ന്ന വരുമാനക്കാരായ പ്രവാസികള്‍ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളിലാണ് ജൂണില്‍ നടന്ന റെയ്ഡുകളില്‍ അധികൃതര്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്.
തൊഴില്‍ നിയമലംഘനങ്ങളില്‍ രേഖകള്‍ പ്രകാരമുള്ള സ്‍പോണ്‍സറുടെ അടുത്തല്ലാതെ ജോലി ചെയ്യുന്നതായി കണ്ടെത്തിയവരാണ് പ്രധാനമായും അറസ്റ്റിലായത്. വീടുകളിലും മറ്റും സ്‍ത്രീകള്‍ക്കായി നടത്തിയിരുന്ന സലൂണുകള്‍, ഹോട്ടലുകള്‍, ഗതാഗത സംവിധാനങ്ങള്‍, മാര്‍ക്കറ്റുകള്‍, പുതിയതും പഴയതുമായ പണിയായുധങ്ങള്‍ വില്‍ക്കുന്ന കടകള്‍, ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നിവിടങ്ങളിലെല്ലാം ഉദ്യോഗസ്ഥരെത്തി.
അറസ്റ്റിലായവരില്‍ നല്ലൊരു ശതമാനം പേരും ഗാര്‍ഹിക തൊഴിലാളികളായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു. ഇവരെ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ റെസിഡന്‍സ് അഫയേഴ്സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന് കൈമാറി. സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടുന്ന വീട്ടുജോലിക്കാരികള്‍ക്ക് അഭയം കൊടുക്കുകയും അവരെ ദിവസ വേതനത്തിന് മറ്റ് സ്ഥലങ്ങളില്‍ ജോലിക്ക് വിടുകയും ചെയ്യുന്ന അഞ്ച് റിക്രൂട്ട്മെന്റ് ഓഫീസുകളും കണ്ടെത്തി അവിടെയുണ്ടായിരുന്നവരെ അറസ്റ്റ് ചെയ്‍തു. പിടിയിലായ എല്ലാവരെയും നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കൈമാറുകയാണ് ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
