സൗദി പൗരന്‍ വനിതാ നഴ്സിനെ തറയിലൂടെ വലിച്ചിഴച്ച് കൊണ്ടു പോകുന്നത് വീഡിയോയില്‍ കാണാം. ചുറ്റും നിന്നവര്‍ ഇത് തടയാനും ശ്രമിക്കുന്നുണ്ട്.

റിയാദ്: സൗദി അറേബ്യയില്‍ ആശുപത്രിയില്‍ നഴ്സിനെ ആക്രമിച്ച സൗദി പൗരന്‍ അറസ്റ്റില്‍. സൗദി അറേബ്യയുടെ തെക്ക്-പടിഞ്ഞാറന്‍ പ്രദേശമായ അസീറിലാണ് സംഭവം. ഇയാള്‍ വനിതാ നഴ്സിനെ ആക്രമിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടര്‍ന്ന് പ്രതിയെ പിടികൂടണമെന്നും ശിക്ഷ നല്‍കണമെന്നും പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു.

വ്യാഴാഴ്ചയാണ് ആക്രമണമുണ്ടായത്. സൗദി പൗരന്‍ വനിതാ നഴ്സിനെ തറയിലൂടെ വലിച്ചിഴച്ച് കൊണ്ടു പോകുന്നത് വീഡിയോയില്‍ കാണാം. ചുറ്റും നിന്നവര്‍ ഇത് തടയാനും ശ്രമിക്കുന്നുണ്ട്. അല്‍ മജരിദ ഗവര്‍ണറേറ്റിലെ ആശുപത്രിയില്‍ വെച്ചാണ് ഇയാള്‍ നഴ്സിനെ ആക്രമിച്ചതെന്ന് അസീര്‍ പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി പ്രോസിക്യൂഷന് കൈമാറിയെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. 

നഴ്സിനോട് സൗദി പൗരന്‍ ഫീഡിങ് നീഡില്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ നഴ്സ് ഇതിനോട് പെട്ടെന്ന് പ്രതികരിച്ചില്ല. ഇതാണ് യുവാവിനെ ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ജോലിക്ക് നിന്ന വീടിന് തീപിടിച്ചപ്പോള്‍ സ്വര്‍ണവും പണവും മോഷ്‍ടിച്ചു; യുഎഇയില്‍ പ്രവാസി വനിതയ്ക്ക് ശിക്ഷ

ദുബൈ: ജോലി ചെയ്‍തിരുന്ന വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും മോഷ്‍ടിച്ച സംഭവത്തില്‍ വീട്ടുജോലിക്കാരിക്ക് മൂന്ന് മാസം ജയില്‍ ശിക്ഷ. വീട്ടില്‍ തീപിടുത്തമുണ്ടായ സമയത്തായിരുന്നു മോഷണം. വില്ലയില്‍ നിന്ന് 50,000 ദിര്‍ഹവും ചില സ്വര്‍ണാഭരണങ്ങളും ഇവര്‍ മോഷ്‍ടിച്ചുവെന്നാണ് കേസ് രേഖകള്‍ വ്യക്തമാക്കുന്നത്.

വീട്ടില്‍ ചെറിയൊരു തീപിടുത്തമുണ്ടായ സമയത്തായിരുന്നു മോഷണമെന്ന് സ്‍പോണ്‍സറായ വനിത ആരോപിച്ചു. തീ നിയന്ത്രണ വിധേയമായ ശേഷം പരിശോധിച്ചപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞതെന്നും ഇവര്‍ പറഞ്ഞു. വീട്ടില്‍ മുഴുവന്‍ അന്വേഷിച്ചപ്പോള്‍ ജോലിക്കാരിയുടെ മുറിയില്‍ നിന്ന് 10,000 ദിര്‍ഹം ലഭിച്ചു. എന്നാല്‍ ചോദ്യം ചെയ്‍തപ്പോള്‍ ജോലിക്കാരി നിഷേധിക്കുകയായിരുന്നു. കാണാതായ പണത്തെയും ആഭരണങ്ങളെയും കുറിച്ച് തനിക്കൊന്നും അറിയില്ലെന്നായിരുന്നു അവരുടെ വാദം.

ദുബൈയില്‍ തന്നെ മറ്റൊരു വീട്ടില്‍ ജോലിക്കാരിയുടെ അമ്മ ജോലി ചെയ്‍തിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം ഒരിക്കല്‍ അവര്‍ മകളെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് കള്ളി വെളിച്ചത്തായത്. ജോലിക്കാരിയുടെ അമ്മ ധരിച്ചിരുന്നത് തന്റെ കാണാതായ ആഭരണമാണെന്ന് വീട്ടുടമ തിരിച്ചറിയുകയായിരുന്നു. ഇതോടെ അവര്‍ ദുബൈ പൊലീസില്‍ വിവരമറിയിക്കുകയും പൊലീസെത്തി യുവതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

പൊലീസിന്റെ ചോദ്യം ചെയ്യലില്‍ വീട്ടുജോലിക്കാരി കുറ്റം സമ്മതിച്ചു. മോഷ്ടിച്ചതില്‍ നിന്ന് ഒരു മോതിരവും 2000 ദിര്‍ഹവും അമ്മയ്‍ക്ക് കൈമാറിയെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. ദുബൈ പ്രാഥമിക കോടതി വിചാരണ പൂര്‍ത്തിയാക്കി പ്രതിക്ക് മൂന്ന് മാസം ജയില്‍ ശിക്ഷ വിധിക്കുകയായിരുന്നു. 50,000 ദിര്‍ഹം പിഴയടയ്‍ക്കണമെന്നും ഉത്തരവിലുണ്ട്. ശിക്ഷ പൂര്‍ത്തിയായ ശേഷം ഇവരെ യുഎഇയില്‍ നിന്ന് നാടുകടത്തും.