വാഹനം കേടായി മണലില്‍ ആഴ്ന്നു പോയതോടെ മുമ്പോട്ട് പോകാനാകാതെ കുടുംബം കുടുങ്ങിപ്പോകുകയായിരുന്നു.
റിയാദ്: മരുഭൂമിയില്‍ കാണാതായ കുടുംബത്തെ രക്ഷപ്പെടുത്തി സൗദി രക്ഷാപ്രവര്‍ത്തക സംഘം. സൗദി അറേബ്യയിലെ വിദൂരമായ ഹല്‍ബാന്‍ മരുഭൂമിയില്‍ നിന്നാണ് കാണാതായ കുടുംബത്തെ കണ്ടെത്തിയത്. ഇവരെ കാണാതായെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് രക്ഷാപ്രവര്‍ത്തക സംഘം തെരച്ചില്‍ ആരംഭിച്ചത്.
കുടുംബത്തെ കുറിച്ച് വിവരം ഇല്ലാതായതോടെ ബന്ധുക്കളാണ് കാര്യം സുരക്ഷാ വകുപ്പുകളെ അറിയിച്ചത്. അല്‍ ദവാദ്മിക്ക് തെക്ക് ഭാഗത്തെ മരുഭൂമിയില്‍ വാഹനം കേടായതോടെ ഈ കുടുംബം കുടുങ്ങിപ്പോകുകയായിരുന്നു. ഭക്ഷണമോ വെള്ളമോ കിട്ടാതെ, ആരെയും ബന്ധപ്പെടാനാകാതെ 24 മണിക്കൂറിലേറെ കുടുംബത്തിന് കഴിയേണ്ടി വന്നു. സൗദി പൗരനും ഭാര്യയും അഞ്ചു മക്കളും ഉൾപ്പെടുന്ന കുടുംബമാണ് മരുഭൂമിയില്‍ കുടുങ്ങിപ്പോയത്. ഖൈറാനില്‍ നിന്ന് ഹല്‍ബാന്‍ മരുഭൂമിയിലേക്ക് വിനോദയാത്രക്ക് പുറപ്പെട്ട കുടുംബത്തിന് യാത്രക്കിടെ വഴിതെറ്റുകയും ഇവരുടെ കാര്‍ മരുഭൂമിയിലെ മണലില്‍ ആഴ്ന്ന് കുടുങ്ങുകയുമായിരുന്നു.
മരുഭൂമിയില്‍ പെട്ടുപോയതോടെ അതീവ ചൂടുള്ള കാലാവസ്ഥയില്‍, കാറിന്‍റെ റേഡിയേറ്ററിലെ വെള്ളം കുടിച്ചും മരത്തിന്‍റെ ഇലകള്‍ കഴിച്ചുമാണ് കുടുംബം കഴിഞ്ഞത്. അതിവിശാലമായ മരുഭൂമിയില്‍ ഡ്രോണുകള്‍ ഉൾപ്പെടെ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ നടത്തിയത്. 40 അംഗ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേത്വത്വം നല്‍കിയത്. തുടര്‍ന്ന് ഖൈറാന് വടക്ക് പടിഞ്ഞാറായി 50 കിലോമീറ്റര്‍ ദൂരെയുള്ള പ്രദേശത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്.
Read Also - നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസിക്ക് ദാരുണാന്ത്യം
