റിയാദ്: ബംഗ്ലാദേശ് സ്വദേശികളായ പ്രവാസികളെ ബന്ധികളാക്കിവെച്ച ശേഷം നാട്ടിലുള്ള ബന്ധുക്കളില്‍ നിന്ന് മോചനദ്രവ്യം ആവശ്യപ്പെട്ട അഞ്ചംഗ സംഘം പിടിയിലായി. അറസ്റ്റിലായവരും ബംഗ്ലാദേശ് സ്വദേശികളാണ്. സ്വന്തം നാട്ടുകാരായ അഞ്ച് പേരെയാണ് പ്രതികള്‍ പിടിച്ചുവെച്ചിരുന്നത്.

മുപ്പതിനും നാല്‍പതിനും ഇടയില്‍ പ്രായമുള്ളവരാണ് അറസ്റ്റിലായ പ്രതികളെല്ലാവരും. പല സമയങ്ങളിലായി അഞ്ച് പേരെ അവരവരുടെ താമസ സ്ഥലങ്ങളില്‍ നിന്ന് സംഘം ബന്ധികളാക്കുകയായിരുന്നു.  തുടര്‍ന്ന് ഇവരുടെ വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് നാട്ടിലുള്ള ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്തു. മോചനദ്രവ്യം ആവശ്യപ്പെട്ട് നാട്ടിലുള്ളവരുമായി ആശയവിനിമയം നടത്തുകയും സമ്മര്‍ദം ചെലുത്തുകയും ചെയ്യുന്നതിനിടെയാണ് സുരക്ഷാ വകുപ്പുകളുടെ പിടിയാലയത്.

സമാനമായ തരത്തില്‍ നേരത്തെ ആറ് കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് സംഘം സമ്മതിച്ചു. ഇങ്ങനെ 25,500 റിയാല്‍ കൈക്കലാക്കുകയും ചെയ്‍തിട്ടുണ്ട്. അറസ്റ്റിലായ പ്രതികളുടെ വീഡിയോ ദൃശ്യങ്ങള്‍ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.