കേരളത്തിന്റെ തീരദേശഗ്രാമങ്ങളുടെ ഓര്‍മ സമ്മാനിക്കും മുസണ്ടം. നഗരമെന്ന് വിളിക്കാനാകില്ല. ദിബ്ബ മുസണ്ടം പോര്‍ട്ടില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ധൗ എന്ന് വിളിക്കുന്ന ഈ പരമ്പരാഗത ബോട്ടുകളിലാണ് പിന്നീടുള്ള യാത്ര. കരയില്‍ നിന്ന് സ്‍പീഡ് ബോട്ടിൽ കയറി വേണം വലിയ ബോട്ടിലേക്കെത്താൻ. 

മുസണ്ടം ഒരു അനുഭവമാണ്. കടൽ സമ്മാനിക്കുന്ന അതിമനോഹരമായ യാത്രാനുഭവം. കടലിനെ അറിഞ്ഞ് ഒരു ദിവസം മുഴുവൻ ചെലവിടാനുള്ള അവസരമാണ് മുസണ്ടം യാത്ര. ഒപ്പം കടലൊരുക്കുന്ന മനോഹര കാഴ്ചകളും ആസ്വദിക്കാം. മുസണ്ടത്തേക്ക് പോകും മുമ്പ് എന്താണ് മുസണ്ടം എന്നറിയണം. യുഎഇയോട് ചേര്‍ന്ന് കിടക്കുന്ന ഒമാന്റെ ഭൂപ്രദേശമാണ് മുസണ്ടം. കരമാര്‍ഗം ഇവിടേക്ക് പ്രവേശിക്കണമെങ്കില്‍ യുഎഇയുടെ മാത്രമേ കടന്നു പോകാനാകൂ. ഹജര്‍ മലനിരകൾ കടലിനോട് അതിരിട്ട് നില്‍ക്കുന്ന അതിമനോഹര കടൽക്കാഴ്ചകളാണ് മുസണ്ടം നല്‍കുന്നത്.

ദുബായില്‍ നിന്ന് ഒന്നര മണിക്കൂര്‍ യാത്രയുണ്ട് മുസണ്ടത്തേക്ക്. ഷാര്‍ജ ദിബ്ബയിലെ ചെക്ക് പോസ്റ്റ് കടന്ന് വേണം മുസണ്ടത്തേക്ക് പോകാൻ. പോകേണ്ടത് ഒമാനിലേക്കാണെങ്കിലും മുസണ്ടത്തേക്ക് പോകാൻ വീസയുടെ ആവശ്യമില്ല. ബോര്‍ഡര്‍ ചെക്ക് പോസ്റ്റില്‍ നിന്ന് ലഭിക്കുന്ന പെര്‍മിറ്റ് ഉപയോഗിച്ച് മുസണ്ടത്തിലേക്ക് പ്രവേശിക്കാം. കേരളത്തിന്റെ തീരദേശഗ്രാമങ്ങളുടെ ഓര്‍മ സമ്മാനിക്കും മുസണ്ടം. നഗരമെന്ന് വിളിക്കാനാകില്ല. ദിബ്ബ മുസണ്ടം പോര്‍ട്ടില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ധൗ എന്ന് വിളിക്കുന്ന ഈ പരമ്പരാഗത ബോട്ടുകളിലാണ് പിന്നീടുള്ള യാത്ര. കരയില്‍ നിന്ന് സ്‍പീഡ് ബോട്ടിൽ കയറി വേണം വലിയ ബോട്ടിലേക്കെത്താൻ. പത്തു മണിയോടെ യാത്ര തുടങ്ങി

വേനൽ ചൂട് കനത്തിട്ടുണ്ടെങ്കിലും കടൽക്കാറ്റില്‍ ചൂടിന്റെ കാഠിന്യം അറിയുന്നില്ല. ബോട്ട് തീരത്തുള്ള മലനിരകളോട് ചേര്‍ന്നാണ് സഞ്ചരിക്കുന്നത്. കടലിലൂടെയുള്ള ഈ ബോട്ട് യാത്ര മനോഹരമായ ഒരു അനുഭവമാണ്. കടലിലേക്ക് ഇറങ്ങി നില്‍ക്കുന്ന തരത്തില്‍ ഹജര്‍ മലനിരകൾ. മലനിരകൾക്കിടയില്‍ മനോഹരമായ ബീച്ചുകൾ. യാത്രയുടെ ആവേശത്തിലാണ് ബോട്ടിലുള്ളവരെല്ലാം. പാട്ടിനൊത്ത് നൃത്തം വച്ച് കുട്ടികൾ യാത്രയെ ആഘോഷമാക്കി മാറ്റുകയാണ്. മുക്കാൽ മണിക്കൂറോളം നീളുന്ന യാത്രയ്ക്ക് ഒടുവില്‍ ബോട്ട് രണ്ട് മലകൾക്കിടയിലുള്ള ബീച്ചിന് സമീപം നങ്കൂരമിട്ടു. ഇതാണ് ഹഫ ബീച്ച്. ഇനിയാണ് ശരിക്കുമുള്ള ആഘോഷം തുടങ്ങുന്നത്.

ബോട്ടിലുള്ള യാത്രക്കാരെ ചെറുസംഘങ്ങളായി സ്പീഡ് ബോട്ടില്‍ കയറ്റി സമീപത്തെ ബീച്ചിലേക്ക്. പക്ഷേ നേരെ ബീച്ചിലേക്ക് പോവുകയല്ല ചെയ്തത്. സ്പീഡ് ബോട്ട് അതിവേഗം നടുക്കടലിലേക്ക് പായിച്ചു. ഓളത്തില്‍ ചാഞ്ഞും ചെരിഞ്ഞും ആവേശത്തിന്റെ പരകോടിയിലെത്തിച്ച ശേഷമാണ് യാത്രക്കാരെ ബീച്ചിലേക്ക് ഇറക്കുന്നത്. മുസണ്ടത്തെ അതിമനോഹരമായ ബീച്ചുകളിലൊന്നാണ് ഹഫ. ഹജര്‍ മലനിരകൾക്കുള്ളിലേക്ക് കയറിക്കിടക്കുന്ന ബീച്ച്. കൊച്ചു കുട്ടികൾക്ക് പോലും കളിക്കാവുന്ന സുരക്ഷിതമായ ബീച്ച്. സന്ദര്‍ശകര്‍ വളരെ കുറച്ച് മാത്രമേ ഉള്ളൂ എന്നത് കൊണ്ട് തന്നെ ശാന്തമായി ബീച്ചില്‍ കളിക്കാം. 

ബീച്ചിനോട് ചേര്‍ന്ന് സ്നോര്‍ക്കലിങ്ങിന് സൗകര്യമുണ്ട്. പവിഴപ്പുറ്റുകളും അപൂര്‍വ കടല്‍ ജീവികളും എല്ലാം സമ്മാനിക്കുന്ന കടലിനടിയിലെ മനോഹര ലോകം കാണാം. ബനാന ബോട്ട് റൈഡാണ് മുസണ്ടം യാത്രയില്‍ ഏറ്റവും അധികം ത്രില്ലടിപ്പിക്കുന്ന അനുഭവം. കാറ്റ് നിറച്ച വലിയ റബര്‍ ട്യൂബാണ് ബനാന ബോട്ട്. ഇതില്‍ സഞ്ചാരികളെ ഇരുത്തിയ ശേഷം ഒരു കയറുപയോഗിച്ച് സ്പീഡ് ബോട്ടുമായി ബന്ധിപ്പിക്കും. പിന്നെ അതിവേഗം നടുക്കടലിലേക്ക്. വേഗത്തിനൊപ്പം ഓളങ്ങളില്‍ ആടിയുലഞ്ഞ് ബനാന ബോട്ടിലുള്ളവരെല്ലാം വെള്ളത്തിലേക്ക് തെറിച്ച് വീഴും. എല്ലാവരും ലൈഫ് ജാക്കറ്റ് ധരിച്ചിട്ടുള്ളതിനാല്‍ പൂര്‍ണമായും സുരക്ഷിതമായ ഒരു സാഹസിക യാത്ര എന്ന് വിളിക്കാം ഇതിനെ. അൽപം ധൈര്യം മാത്രം വേണമെന്നേയുള്ളൂ.

ഇത്രയും സാഹസികത താല്‍പര്യമില്ലാത്തവര്‍ക്ക് വേണമെങ്കില്‍ കയാക്കിങ് നടത്താം. കടലും കാലാവസ്ഥയും അനുകൂലമായാല്‍ മുസണ്ടം കേവ് സന്ദര്‍ശിക്കാം. കടലിനുള്ളിലെ ഒരു ഗുഹയാണ് മുസണ്ടം കേവ്. ദൂരെ നിന്ന് നോക്കുമ്പോൾ ചെറുതാണെന്ന് തോന്നുമെങ്കിലും വേലിയിറക്ക സമയത്ത് സ്പീഡ് ബോട്ടില്‍ ഗുഹയ്ക്കകത്തേക്ക് അനായാസം പോകാം. മുസണ്ടം കേവില്‍ നിന്ന് നോക്കിയാല്‍ കാണുന്നതാണ് ഗൊറില്ല റോക്ക്. വാ പിളര്‍ന്ന് നില്‍ക്കുന്ന ഗൊറില്ലയുടെ മുഖത്തോട് സാമ്യമുള്ളതിനാലാണ് ഈ പാറയ്ക്ക് അങ്ങനെ ഒരു പേര് കിട്ടിയത്.

കടലില്‍ വിഭവസമൃദ്ധമായ ഒരു ഉച്ചഭക്ഷണവും ഈ യാത്രയുടെ പ്രത്യേകതയാണ്. ഉച്ച ഭക്ഷണത്തിന് ശേഷം അൽസമയം വിശ്രമം. എന്തതായാലും മുസണ്ടം യാത്ര അതി ഗംഭീരമാണെന്ന അഭിപ്രായമാണ് എല്ലാവര്‍ക്കും. ഒരു തവണ വന്നവര്‍ വീണ്ടും വീണ്ടും വരുവാന്‍ ആഗ്രഹിക്കുന്ന ഒരു മാസ്മരിക ശക്തി ഈ പ്രദേശത്തിനുണ്ട്. ഇത്രയും ചുരുങ്ങിയ ചെലവില്‍ ഒരു ദിവസം ആസ്വദിക്കാന്‍ വേറെവിടെ സാധിക്കുമെന്ന് സഞ്ചാരികൾ ചോദിക്കുന്നു. അവധിക്കാലം ആഘോഷിക്കാന്‍ നാട്ടില്‍ നിന്നെത്തിയവര്‍ക്കും മുസണ്ടം വ്യത്യസ്തമായ ഒരു അനുഭവമായി. 

മടക്കയാത്രയിലും കാണാന്‍ കാഴ്ചകളുണ്ട്. അതില്‍ പ്രധാനമാണ് ചുണ്ണാമ്പ് കല്ലു കൊണ്ടുള്ള ഗുഹ. കാലവും പ്രകൃതിയും വരച്ച ചിത്രങ്ങള്‍ നിറഞ്ഞതാണ് ഈ ചുണ്ണാമ്പ് കല്ലിലുള്ള ഗുഹ. ഇനി തീരത്തേക്കുള്ള യാത്രയാണ്. പക്ഷേ ആ യാത്ര അവസാനിക്കും മുമ്പ് ഒന്നു കൂടെ ബാക്കിയുണ്ട്. നടുക്കടലില്‍ ചൂണ്ടയിടാം. ഭാഗ്യമുണ്ടെങ്കില്‍ നീങ്ങളുടെ ചൂണ്ടയില്‍ മീന്‍ കൊത്തും. ഒരു ദിവസം നീണ്ട കടലോര്‍മകളെ മനസിലേക്ക് അടുക്കി കൂട്ടിയാണ് ഓരോരുത്തരും ബോട്ടില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുന്നത്. കാരണം മനസ് നിറയ്ക്കുന്ന അനുഭവങ്ങളാണ് മുസണ്ടം സഞ്ചാരികൾക്ക് സമ്മാനിക്കുന്നത്. 

വീഡിയോ കാണാം...
YouTube video player