വന്‍ വിജയമായ പരിപാടി, അബുദാബിയിലെ യാസ് ഐലന്‍ഡില്‍ സംഘടിപ്പിച്ച ഏറ്റവും വലിയ ഇവന്‍റുകളിലൊന്നായി മാറി. ഐക്കോണിക് പാട്ടുകളില്‍ ചിലത് റഹ്മാന്‍ പാടിയപ്പോള്‍ സദസ്സും കൂടെ ചേര്‍ന്നു.

ദുബൈ: പ്രശസ്ത സംഗീതജ്ഞന്‍ എ ആര്‍ റഹ്മാനൊപ്പം ദീപാവലി ആഘോഷിച്ച് അബുദാബി. അബുദാബിയിലെ യാസ് ഐലന്‍ഡിലുള്ള ഇത്തിഹാദ് അീനയില്‍ ഒക്ടോബര്‍ 29ന് എ ആര്‍ റഹ്മാന്‍റെ തത്സമയ സംഗീത പരിപാടി സംഘടിപ്പിച്ചു കൊണ്ടാണ് അബുദാബി ഇത്തവണ ദീപാവലി ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടിയത്. ഇതാദ്യമായാണ് റഹ്മാന്‍ അബുദാബിയില്‍ തത്സമയ സംഗീത പരിപാടി അവതരിപ്പിക്കുന്നത്. 

വന്‍ വിജയമായ പരിപാടി, അബുദാബിയിലെ യാസ് ഐലന്‍ഡില്‍ സംഘടിപ്പിച്ച ഏറ്റവും വലിയ ഇവന്‍റുകളിലൊന്നായി മാറി. ഐക്കോണിക് പാട്ടുകളില്‍ ചിലത് റഹ്മാന്‍ പാടിയപ്പോള്‍ സദസ്സും കൂടെ ചേര്‍ന്നു. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഷോയില്‍ പങ്കെടുക്കാനായി അബുദാബിയിലേക്ക് നിരവധി ആരാധകരാണ് ഒഴുകിയെത്തിയത്.

ഓസ്കാര്‍ പുരസ്കാരം നേടിയ സ്ലംഡോഗ് മില്യനയറിലെ പ്രശസ്തമായ 'ജയ് ഹോ' എന്ന ഗാനം ആലപിച്ചുകൊണ്ടാണ് സംഗീത പരിപാടിക്ക് തുടക്കം കുറിച്ചത്. റഹ്മാന്‍ തനിക്കൊപ്പം ഈ പരിപാടിയില്‍ പങ്കെടുക്കുന്ന ഗായകരായ ഹരിചരണ്‍, ബെന്നി ദയാല്‍, മധുശ്രീ, ശ്വേത മോഹന്‍ എന്നിവരെയും സദസ്സിന് പരിചയപ്പെടുത്തി. 'ജിയാ ജലേ', 'മുക്കാബല', യോദ്ധ സിനിമയിലെ 'പടകാളി' എന്നിവ പാടി ഗായകര്‍ സദസ്സിനെ കയ്യിലെടുത്തു. 'ഹയാതി' സിനിമയില്‍ ലെബനീസ് ഗായിക പാടിയ 'ചെക്ക ചിവന്ത വാനം', 'മിമി'യിലെ 'പരം സുന്ദരി', 'ഹൈവേ'യിലെ 'മാഹി വേ' എന്നീ പാട്ടുകളും ഗായകര്‍ അവതരിപ്പിച്ചു. ഹിന്ദി, തമിഴ്, മലയാളം, അറബിക് എന്നിങ്ങനെ വിവിധ ഭാഷകളിലെ പാട്ടുകള്‍ അവതരിപ്പിച്ച പരിപാടി ദൃശ്യവിരുന്ന് കൂടി സമ്മാനിച്ചു. സംഗീതനിശ നടന്ന സ്ഥലത്ത് ലൈറ്റുകള്‍ അണച്ച് സദസ്സിലെ സംഗീത ആസ്വാദകര്‍, മൊബൈല്‍ ഫോണിന്‍റെ ഫ്ലാഷ് ലൈറ്റ് ഉയര്‍ത്തി പാട്ടുകള്‍ക്കൊപ്പം ചുവടുവെച്ചു. 'തമാശ'യിലെ 'അഗര്‍ തും സാത് ഹോ', 'റോക്സ്റ്റാറി'ലെ 'കുന്‍ ഫയാ കുന്‍', 'ദില്‍ സേ രേ', 'പൊന്നിയിന്‍ സെല്‍വന്‍-1'ലെ 'പൊന്നി നദി' എന്നീ ഗാനങ്ങളും സംഗീതനിശയെ ആഘോഷത്തിമിര്‍പ്പിലാക്കി.

റഹ്മാനും മകനായ എ ആര്‍ അമീനും ചേര്‍ന്ന് ഗാനമാലപിച്ചതാണ് സംഗീതനിശയെ അവിസ്മരണീയമാക്കിയത്. അബുദാബിയിലെ യാസ് ഐലന്‍ഡില്‍ പരിപാടി അവതരിപ്പിക്കാനായത് ഏറ്റവും മികച്ച അനുഭവമാണെന്നാണ് എ ആര്‍ റഹ്മാന്‍ പ്രതികരിച്ചത്. സദസ്സിന്‍റെ ഊര്‍ജ്ജത്തെ കുറിച്ച് പറഞ്ഞ അദ്ദേഹം ലൈവായി പാട്ടുപാടുന്നത് എപ്പോഴും കലാകാരനെന്ന നിലയില്‍ സംതൃപ്തി നല്‍കുന്നതാണെന്നും ഭാവിയില്‍ വീണ്ടും ഇവിടെ പെര്‍ഫോം ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും കൂട്ടിച്ചേര്‍ത്തു.