സ്ട്രോക്കിനെ തുടർന്ന് ചികിത്സയിലായിരുന്ന തിരുവനന്തപുരം കിളിമാനൂർ സ്വദേശി അബ്ദുൽ സലാം സൗദി അറേബ്യയിലെ ഹാഇലിൽ മരിച്ചു. 40 വർഷത്തിലേറെ ജോലി ചെയ്ത ഹാഇലിലെ മണ്ണിൽ തന്നെ ഖബറടക്കി.

റിയാദ്: ജീവിതത്തിെന്റെ പകുതിയിലധികം കാലം പ്രവാസലോകത്ത് ചെലവഴിച്ച്, ഒടുവിൽ താൻ കർമ്മപഥമായി തിരഞ്ഞെടുത്ത മണ്ണിൽ തന്നെ അന്ത്യവിശ്രമം പൂകി ഒരു പ്രവാസി മലയാളി കൂടി മടങ്ങി. തിരുവനന്തപുരം കിളിമാനൂർ സ്വദേശി അബ്ദുൽ സലാം (80) ആണ് നാലര പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതത്തിനൊടുവിൽ സൗദി അറേബ്യയിലെ ഹാഇലിൽ മരിച്ചത്. സ്ട്രോക്ക് ബാധിച്ചതിനെ തുടർന്ന് ഹാഇലിലെ കിങ് ഖാലിദ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

Add Asianetnews as a Preferred SourcegooglePreferred

46 വർഷങ്ങൾക്ക് മുമ്പ് പ്രവാസത്തിലെത്തിയ അബ്ദുൽ സലാം, ഇതിൽ 40 വർഷത്തിലേറെ കാലവും ഹാഇലിലെ സനാഇയ്യയിൽ സ്വന്തമായി വെൽഡിങ് വർക്ക്ഷോപ്പ് നടത്തിവരികയായിരുന്നു. തന്റെ അധ്വാനവും വിയർപ്പും ഒഴുക്കിയ മണ്ണിൽ തന്നെ അന്ത്യം സംഭവിക്കണമെന്ന വിധി നിയോഗം പോലെ, ഹാഇലിലെ സദിയാൻ മഖ്ബറയിൽ അദ്ദേഹത്തിന് നിത്യനിദ്രയൊരുങ്ങി. സാമൂഹിക പ്രവർത്തകൻ ചാൻസ അബ്ദുറഹ്മാന്റെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷമായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്.

പതിറ്റാണ്ടുകളായി തങ്ങൾക്കൊപ്പം പ്രവാസജീവിതം പങ്കിട്ട പ്രിയപ്പെട്ടവനെ അവസാനമായി ഒരുനോക്ക് കാണാൻ സുഹൃത്തുക്കളും സാമൂഹിക പ്രവർത്തകരുമടക്കം നിരവധി പേരാണ് ഖബറടക്ക ചടങ്ങുകളിൽ സംബന്ധിച്ചത്. ഫവിലാബീവിയാണ് പരേതന്റെ ഭാര്യ. സഫീർ, സഫ്ന എന്നിവർ മക്കളും അംജദ് ഖാൻ, അമീന എന്നിവർ മരുമക്കളുമാണ്.