മന്ത്രവാദം നടത്തുന്നതിനായി മന്ത്രവാദിനിക്ക് വാട്സ് ആപ്പ് വഴി ഭാര്യയുടെയും കുടുംബത്തിന്റെയും സ്വകാര്യ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു

ഫുജൈറ: പിണങ്ങിപ്പോയ കുടുംബത്തെ തിരികെ കൊണ്ടുവരാനും ഭാര്യയിൽ നിന്നും സ്നേഹം ലഭിക്കാനുമായി ദുർമന്ത്രവാദിനിയുടെ സഹായം തേടിയ യുവാവിന് ആറ് മാസത്തെ ജയിൽ ശിക്ഷ. മന്ത്രവാദം നടത്തുന്നതിനായി മന്ത്രവാദിനിക്ക് വാട്സ് ആപ്പ് വഴി ഭാര്യയുടെയും കുടുംബത്തിന്റെയും സ്വകാര്യ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ഭാര്യയുടെയും കുടുംബത്തിന്റെയും സ്വകാര്യത ലംഘിച്ചതിനും മന്ത്രവാദത്തിൽ ഏർപ്പെട്ടതിനുമാണ് ഇയാൾക്ക് ഫുജൈറ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.

ഭർത്താവ് തനിക്കും കുട്ടികൾക്കും ബന്ധുക്കൾക്കും മേൽ ദുർമന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് ഭാര്യ പോലീസിൽ പരാതി നൽകിയതോടെയാണ് കേസിന്റെ തുടക്കം. പ്രാദേശിക വാർത്ത ഉറവിടങ്ങൾ പറയുന്നതനുസരിച്ച് പിണങ്ങിപ്പോയ ഭാര്യയെ തിരികെ കൊണ്ടുവരുന്നതിനായി ഭർത്താവ് ഓൺലൈനിൽ ഒരുപാട് മാർ​ഗങ്ങൾ അന്വേഷിച്ചിരുന്നു. അപ്പോഴാണ് സാമൂഹിക മാധ്യമത്തിലൂടെ ഒരു അറബ് സ്ത്രീയെ കണ്ടെത്തുന്നത്. ഇവർ പ്രിയപ്പെട്ടവരെ തിരികെ കൊണ്ടുവരുന്നതിൽ വിദ​ഗ്ധയാണെന്നാണ് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചിരുന്നത്. അറബ് സ്ത്രീയുമായി വാട്സ് ആപ്പ് വഴി ബന്ധപ്പെട്ട ഇയാൾ കാര്യങ്ങൽ പറയുകയും ഇതിനായി 20,000 ദിർഹം നൽകുകയും ചെയ്തു. കൂടാതെ കരാർ പ്രകാരം ഭാര്യയോടൊപ്പമുള്ള സ്വകാര്യ ചിത്രങ്ങളും ഇയാളുടെ ഒരു വീഡിയോയും ഇരുവരുടെയും ഫോൺ നമ്പറും അയച്ചുകൊടുത്തു.

അറബ് സ്ത്രീ വീണ്ടും ഇയാളോട് 25,000 ദിർഹം ആവശ്യപ്പെട്ടു. എന്നാൽ ഇയാൾ പണം നൽകാൻ വിസമ്മതിച്ചതോടെ അറബ് സ്ത്രീ ഇയാൾ അയച്ചിരുന്ന ചിത്രങ്ങളും സന്ദേശങ്ങളും ഇയാളുടെ ഭാര്യക്ക് അയച്ചുകൊടുക്കുമെന്ന രീതിയിൽ ഭീഷണി ഉയർത്തി. എന്നാൽ, ഭീഷണി വകവെക്കാതെ ഇയാൾ 10,000 ദിർഹം നൽകി മറ്റൊരു മന്ത്രവാദിനിയുടെ സഹായം തേടി. അതും പരാജയപ്പെട്ടതോടെ ഇയാൾ മൂന്നാമത് മറ്റൊരു മന്ത്രവാദിനിയെ സമീപിക്കാൻ ഒരുങ്ങി. എന്നാൽ അപ്പോഴേക്കും ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

തുടർച്ചയായ പീഡനം കാരണം വിവാഹമോചനത്തിന് അപേക്ഷ നൽകിയിരുന്ന ഭാര്യ, രണ്ട് മാസം മുമ്പ് വിവാഹമോചനം നേടിയ ശേഷം വീട്ടിൽ നിന്ന് മാറിയായിരുന്നു താമസിച്ചിരുന്നത്. പിന്നീട് യുഎഇക്ക് പുറത്ത് താമസിക്കുന്ന ഒരു സ്ത്രീ ഇവർക്ക് ഇവരുടെ ഭർത്താവ് അയച്ചിരുന്ന ചിത്രങ്ങളും സന്ദേശങ്ങളും നൽകി. ഈ തെളിവുകളോടെ യുവതി ഭർത്താവിനെതിരെ പോലീസിൽ പരാതി നൽകുകയായിരുന്നു.