ഈ മാസം 17ന് പുലർച്ചെ 1.30നാണ് ഒമാന്‍ ഉൾക്കടലിൽ രണ്ട് കപ്പലുകൾ കൂട്ടിയിടിച്ച് അപകടമുണ്ടാകുന്നത്
അബുദാബി: ഒമാന്‍ ഉള്‍ക്കടലില്‍ കപ്പലുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ കാരണം പുറത്തുവിട്ട് യുഎഇ. കൂട്ടിയിടിച്ച കപ്പലുകളിൽ ഒന്നിന്റെ നാവിഗേഷൻ പിഴവാണ് അപകടത്തിന് കാരണമായതെന്ന് യുഎഇയുടെ ഊർജ, അടിസ്ഥാന സൗകര്യ മന്ത്രാലയം അറിയിച്ചു.
ഈ മാസം 17ന് പുലർച്ചെ 1.30നാണ് യുഎഇയുടെ തീരത്തുനിന്ന് 24 നോട്ടിക്കല്‍ മൈല്‍ അകലെ, ഒമാന്‍ ഉൾക്കടലിൽ രണ്ട് കപ്പലുകൾ കൂട്ടിയിടിച്ച് അപകടമുണ്ടാകുന്നത്. ആന്റിഗ്വ ആൻഡ് ബാർബുഡയുടെ പതാകയുണ്ടായിരുന്ന അഡലിന്‍ എണ്ണക്കപ്പലും ലൈബീരിയയുടെ പതാക ഉണ്ടായിരുന്ന ഫ്രണ്ട് ഈഗിൾ എന്ന ചരക്ക് കപ്പലും തമ്മിലാണ് കൂട്ടിയിടിച്ചത്. അഡലിന്‍ എണ്ണക്കപ്പലില്‍ നിന്ന് 24 ജീവനക്കാരെ രക്ഷപ്പെടുത്തിയതായി യുഎഇ ദേശീയ സുരക്ഷാസേനയിലെ തീരദേശ സുരക്ഷ വിഭാഗം അറിയിച്ചിരുന്നു.
രണ്ട് കപ്പലുകളുടെയും പുറംഭാഗത്തിന് ചെറിയ കേടുപാടുകൾ സംഭവിക്കുകയും ചെറിയ രീതിയിൽ എണ്ണ ചോർച്ച ഉണ്ടാകുകയും ചെയ്തിരുന്നു. കൂടാതെ ഒരു കപ്പലിന്റെ ഇന്ധന ടാങ്കിൽ തീപിടുത്തമുണ്ടാകുകയും ചെയ്തു. ഉടൻതന്നെ തീ നിയന്ത്രണ വിധേയമാക്കിയിരുന്നതായും കപ്പലിൽ ഉണ്ടായിരുന്ന ജീവനക്കാരിൽ ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ബന്ധപ്പെട്ട അധികൃതർ അറിയിച്ചിരുന്നു.


