സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന അബായ കാർ റാലിയുടെ മൂന്നാം പതിപ്പ് ഓ​ഗസ്റ്റ് 26-ന് ദുബായ് ഓട്ടോഡ്രോമിൽ നടക്കും

സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന അബായ കാർ റാലിയുടെ മൂന്നാം പതിപ്പ് ഓ​ഗസ്റ്റ് 26-ന് ദുബായ് ഓട്ടോഡ്രോമിൽ നടക്കും. വനിതാശാക്തീകരണത്തിന്റെ ഭാ​ഗമായി സംഘടിപ്പിക്കുന്ന റാലി, ദുബായ് മ്യൂസിയം ഓഫ് ഫ്യൂച്ചറിൽ എമിറാത്തി വിമൻസ് ഡേക്ക് ഒപ്പമാണ് നടക്കുക.

ശനിയാഴ്ച്ച രാവിലെ നടക്കുന്ന റാലിയിൽ 200-ൽ അധികം വനിതാ ഡ്രൈവർമാർ പങ്കെടുക്കും. യു.എ.ഇയുടെ ശാക്തീകരണത്തിന്റെയും വ്യക്തിത്വത്തിന്റെയും പ്രതീകമായ ആബായ ധരിച്ചാണ് സ്ത്രീകൾ പങ്കെടുക്കുക എന്നതാണ് പ്രത്യേകത. ഓർബിറ്റ് ഇവന്റ്സ് ആൻ‍ഡ് പ്രൊമോഷൻസ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്.

"പ്രതിസന്ധികൾ മറികടന്ന് വലിയ നേട്ടങ്ങൾ സ്വന്തമാക്കുന്ന സ്ത്രീകളെ ആദരിക്കുന്നതിനുള്ള വേദിയാണ് അബായ റാലി. ജീവിതത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള സ്ത്രീകളെ ഒരുമിച്ച് കൊണ്ടു വന്ന് ഉല്ലാസത്തിനും ഒപ്പം സുസ്ഥിരമായ ലോകത്തിും വേണ്ടിയുള്ള പരിപാടിയാണിത്." ഓർബിറ്റ് ഇവന്റ്സ് എം.ഡി പ്രജ്ഞ വായ പറഞ്ഞു.

ഓ​ഗസ്റ്റ് 27-ന് മ്യൂസിയം ഓഫ് ഫ്യൂച്ചറിൽ നടക്കുന്ന ചടങ്ങിൽ ഷെയ്ഖ ഫാത്തിമ ബിൻ മുബാറക് ഈ വർഷത്തെ എമിറാത്തി വനിതാ ദിനത്തിന്റെ തീം അനാവരണം ചെയ്യും. റെഡ് കാർപ്പറ്റ്, ഫാഷൻ ഷോ, പാനൽ ഡിസ്കഷൻസ്, വുമൺ ഓഫ് അച്ചീവ്മെന്റ് അവാർഡ് ദാനം എന്നിവ നടക്കും.