റഹീമിന്‍റെ മോചന കേസ് ഇത് എട്ടാം തവണയാണ് മാറ്റിവെക്കുന്നത്. 

റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിെൻറ മോചനകാര്യത്തിൽ ഇന്നത്തെ കോടതി സിറ്റിങ്ങിലും തീരുമാനമുണ്ടായില്ല. നടപടിക്രമങ്ങൾ പൂർത്തിയാകാനുണ്ടെന്ന് പറഞ്ഞ് കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു. എട്ടാം തവണയാണ് റിയാദിലെ ക്രിമിനൽ കോടതി കേസ് മാറ്റിവെക്കുന്നത്.

ഇന്ന് (വ്യാഴാഴ്ച) രാവിലെ 11.30ന് തുടങ്ങിയ ഓൺലൈൻ സിറ്റിങ് ഒരു മണിക്കൂറിലേറെ നീണ്ടു. പതിവുപോലെ ജയിലിൽനിന്ന് അബ്ദുൽ റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യൻ എംബസി പ്രതിനിധിയും റിയാദ് നിയമസഹായസമിതി പ്രവർത്തകരും പങ്കെടുത്തു. ഫെബ്രുവരി രണ്ടിനായിരുന്നു കഴിഞ്ഞ സിറ്റിങ്. ദിയാധനം സ്വീകരിച്ച് വാദിഭാഗം മാപ്പ് നൽകിയതോടെ വധശിക്ഷ കോടതി അഞ്ച് മാസം മുമ്പ് ഒഴിവാക്കിയിരുന്നു. എന്നാൽ പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസിൽ തീർപ്പാവാത്തതാണ് ജയിൽ മോചനം അനന്തമായി നീളാൻ ഇടയാക്കുന്നത്. റിയാദിലെ ഇസ്കാൻ ജയിലിലാണ് റഹീം.

Read Also - വാഹനമോടിക്കുന്നതിനിടെ മലയാളി ഉംറ തീർഥാടകർ സഞ്ചരിച്ച ബസിന്‍റെ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു, ഒഴിവായത് വൻ അപകടം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം