സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്‍റെ ജയിൽ മോചന നടപടികൾ ഞായറാഴ്ച പൂർത്തിയാവുമെന്ന് പ്രതീക്ഷ. സൗദി അറേബ്യയിലെ സർക്കാർ മേഖല പെരുന്നാൾ അവധിയിലേക്ക് പ്രവേശിച്ചിട്ടുണ്ടെങ്കിലും, മോചനവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വകുപ്പുകൾ തുടർന്നും പ്രവർത്തിക്കുമെന്നാണ് ഔദ്യോഗികമായി ലഭിച്ച വിവരം.

റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്‍റെ ജയിൽമോചനവുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടിക്രമങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് റിയാദിലെ അബ്ദുറഹീം നിയമസഹായ സമിതി അറിയിച്ചു. അബ്ദുറഹീമിെൻറ 20 വർഷത്തെ ശിക്ഷാകാലാവധി കഴിഞ്ഞദിവസമാണ് പൂർത്തിയായത്.

Add Asianetnews as a Preferred SourcegooglePreferred

സൗദി അറേബ്യയിലെ സർക്കാർ മേഖല പെരുന്നാൾ അവധിയിലേക്ക് പ്രവേശിച്ചിട്ടുണ്ടെങ്കിലും, മോചനവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വകുപ്പുകൾ തുടർന്നും പ്രവർത്തിക്കുമെന്നാണ് ഔദ്യോഗികമായി ലഭിച്ച വിവരം. വാരാന്ത്യ അവധിക്ക് ശേഷം വരുന്ന ഞായറാഴ്ച മുതൽ ജയിൽമോചനത്തിനായുള്ള ബാക്കി നടപടികൾ വേഗത്തിൽ മുന്നോട്ട് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. റഹീമിന്‍റെ മോചനവുമായി ബന്ധപ്പെട്ട ഭൂരിഭാഗം നിയമനടപടികളും ഇതിനകം തന്നെ പൂർത്തിയായിട്ടുണ്ടെന്ന് പവർ ഓഫ് അറ്റോർണി സിദ്ദിഖ് തുവൂർ വ്യക്തമാക്കി. ജയിലിൽ നിന്നുള്ള വിടുതൽ നടപടികൾ പൂർണമായി പൂർത്തിയായ ശേഷമായിരിക്കും ഇന്ത്യൻ എംബസി നൽകിയ ഔട്ട് പാസിൽ (ഇ.സി) എക്സിറ്റ് വിസ ലഭ്യമാക്കുക.

എന്നാൽ, നിലവിലുള്ള പെരുന്നാൾ അവധികൾ എക്സിറ്റ് വിസ അടക്കമുള്ള തുടർനടപടികളെ ബാധിക്കുമോ എന്ന നേരിയ ആശങ്കയുണ്ടെന്ന് നിയമസഹായ സമിതി ഭാരവാഹികൾ പങ്കുവെച്ചു. ജയിലിലും മറ്റ് അനുബന്ധ സർക്കാർ വകുപ്പുകളിലുമുള്ള നടപടിക്രമങ്ങൾ എത്രയും വേഗം പൂർത്തിയാക്കാനുള്ള ഊർജിതമായ ശ്രമങ്ങൾ ഇന്ത്യൻ എംബസി, അഭിഭാഷകർ, പവർ ഓഫ് അറ്റോർണി, നിയമസഹായ സമിതി എന്നിവരുടെ നേതൃത്വത്തിൽ ഒത്തൊരുമയോടെ നടന്നുവരുന്നുണ്ട്. വർഷങ്ങളോളം പഴക്കമുള്ള കേസ് ആയതിനാൽ മോചനത്തിനായുള്ള വിടുതൽ നടപടികൾ പൂർത്തിയാക്കാൻ സ്വാഭാവികമായ സമയതാമസം മാത്രമാണ് എടുക്കുന്നതെന്നും, ഇതിൽ യാതൊരുവിധ അസ്വാഭാവികതയുമില്ലെന്നും റിയാദ് റഹീം സഹായ സമിതി വാർത്താക്കുറിപ്പിലൂടെ ജനങ്ങളെ അറിയിച്ചു.