അബുദാബി: അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പണികഴിപ്പിച്ച സര്‍വമത പ്രാര്‍ത്ഥനാകേന്ദ്രം ഉദ്ഘാടനം ചെയ്തു. എല്ലാ മതവിശ്വാസികള്‍ക്കും ഇവിടെ ഒത്തുചേരാനും തങ്ങളുടെ വിശ്വാസമനുസരിച്ചുള്ള ആരാധനാകര്‍മങ്ങള്‍ നിര്‍വഹിക്കാനും സൗകര്യമുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.

അബുദാബി എയര്‍പോര്‍ട്ട്സ് ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ തഹ്‍നൂന്‍ അല്‍ നഹ്‍യാന്‍, സിഇഒ ബ്രിയാന്‍ തോംസണ്‍, അബുദാബി കമ്മ്യൂണിറ്റി ഡെവലപ്മെന്റ് വകുപ്പ് ചെയര്‍മാന്‍ ഡോ. മുഗീര്‍ ഖമിസ് അല്‍ ഖലീല്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രാര്‍ത്ഥനാകേന്ദ്രം വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തത്. അബുദാബിയിലെത്തുന്ന എല്ലാവര്‍ക്കും അഭിമാനത്തോടെ ജീവിക്കാനുള്ള അവസരം ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടാണ് ഇത്തരം സംരംഭങ്ങള്‍ ആരംഭിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ക്കും ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും പ്രാര്‍ത്ഥനാകേന്ദ്രം ഉപയോഗപ്പെടുത്താനാവും.