അബുദാബി: മൂടല്‍മഞ്ഞുള്ള സമയങ്ങളില്‍ ട്രക്കുകള്‍ ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങളുടെ സഞ്ചാരത്തിന്  വിലക്കേര്‍പ്പെടുത്തി അബുദാബി. റോഡില്‍ ദൂരക്കാഴ്‍ച കുറയുന്നത് കാരണമായി അപകടങ്ങളുണ്ടാവാതിരിക്കാനാണ് തീരുമാനം. പ്രധാന റോഡുകള്‍ക്ക് പുറമേ ഉള്‍പ്രദേശങ്ങളിലെ റോഡുകളിലും നിയന്ത്രണം ബാധകമാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ശനിയാഴ്‍ച സാമൂഹിക മാധ്യമങ്ങളിലൂടെ പ്രത്യേക അറിയിപ്പും അബുദാബി പൊലീസ് നല്‍കിയിട്ടുണ്ട്.

മൂടല്‍മഞ്ഞ് നീങ്ങി റോഡുകളില്‍ സാധാരണ കാഴ്‍ച സാധ്യമാകുന്നത് വരെ വലിയ ഹെവി വാഹനങ്ങളുടെ യാത്രയ്ക്ക് വിലക്കുണ്ടാകും. റോഡ് സുരക്ഷ ഉറപ്പാക്കാനും അപകടങ്ങള്‍ കുറയ്ക്കാനുമാണ് തീരുമാനം. നിയമം ലംഘിക്കുന്ന ഡ്രൈവര്‍മാരില്‍ നിന്ന് 500 ദിര്‍ഹം പിഴ ഈടാക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.