മാര്‍ച്ച് ഒന്ന് മുതല്‍ രാവിലെ ഒമ്പത് മണി മുതല്‍ രാത്രി എട്ട് മണി വരെയാണ് പ്രവേശന സമയം.
അബുദാബി: അബുദാബി ബാപ്സ് ഹിന്ദു ക്ഷേത്രം മാര്‍ച്ച് ഒന്ന് മുതല്‍ പൊതുജനങ്ങള്‍ക്കായി തുറക്കും. ഉദ്ഘാടനത്തിന് ശേഷം ഫെബ്രുവരി 15 മുതല്‍ 29 വരെ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത യുഎഇയ്ക്ക് പുറത്തുള്ളവര്‍ക്കും വിഐപി അതിഥികള്‍ക്കും മാത്രമാണ് ക്ഷേത്രത്തില്‍ പ്രവേശനമുള്ളത്.
മാര്‍ച്ച് ഒന്ന് മുതല്‍ രാവിലെ ഒമ്പത് മണി മുതല്‍ രാത്രി എട്ട് മണി വരെയാണ് പ്രവേശന സമയം. തിങ്കളാഴ്ചകളില്‍ ക്ഷേത്രത്തില്‍ സന്ദര്‍ശകരെ അനുവദിക്കില്ല. വര്‍ധിച്ച് വരുന്ന തിരക്ക് കണക്കിലെടുത്ത് മാര്‍ച്ച് ഒന്ന് മുതല്‍ ക്ഷേത്രം സന്ദര്‍ശിക്കാനാഗ്രഹിക്കുന്ന യുഎഇയിലുള്ളവരും വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യണമെന്ന് ബന്ധപ്പെട്ടവര്‍ അഭ്യര്‍ത്ഥിച്ചു.
Read Also - ഇത് വിശാൽ, ദുബൈയിലെ സ്വപ്ന ശമ്പളമുള്ള ജോലി വലിച്ചെറിഞ്ഞു, ഇനി ക്ഷേത്രത്തിൽ കാണാം!
ഈ മാസം 14നാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബാപ്സ് ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഓരോ എമിറേറ്റുകളെയും പ്രതിനിധീകരിക്കുന്ന ഏഴു കൂറ്റന്‍ ഗോപുരങ്ങളാണ് ക്ഷേത്രത്തിന്റെ മുഖ്യ ആകര്‍ഷണം. ദുബായ്-അബുദാബി ഹൈവേയിൽ അബു മുറൈഖയിൽ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് നല്കിയ 27 ഏക്കര്‍ സ്ഥലത്താണ് ക്ഷേത്രം നിര്‍മ്മിച്ചത്. 2018ലാണ് ക്ഷേത്ര നിര്‍മാണത്തിന് ശിലയിട്ടത്. 2019 ഡിസംബറിലാണ് ബാപ്സ് ഹിന്ദു മന്ദിറിന്റെ നിര്‍മ്മാണം ആരംഭിച്ചത്. 32 മീറ്റര്‍ ആണ് ക്ഷേത്രത്തിന്റെ ഉയരം. ശിലാരൂപങ്ങൾ കൊണ്ട് നിർമിച്ച 96 തൂണുകളാണ് ക്ഷേത്രത്തിനകത്തുള്ളത്. ഇന്ത്യയിൽ നിന്നും ഇറ്റലിയിൽ നിന്നുമുള്ള പിങ്ക് മണല്‍ക്കല്ലും വെള്ള മാര്‍ബിളുമാണ് നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്. പിങ്ക് മണല്‍ക്കല്ലുകള്‍ 1000 വര്‍ഷത്തിലേറെക്കാലം ഈടു നില്‍ക്കുമെന്നാണ് വിലയിരുത്തുന്നത്. ഭൂകമ്പങ്ങളിൽ നിന്നു പോലും സംരക്ഷണം ലഭിക്കുന്ന രീതിയിലാണ് ക്ഷേത്രത്തിന്റെ രൂപകൽപന. പുരാതന ഹൈന്ദവ ക്ഷേത്രങ്ങളുടെ മാതൃകകള്‍ ഉള്‍ക്കൊണ്ടുള്ള ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് ഹൈന്ദവ പുരാണങ്ങളുടെയും ഐതിഹ്യങ്ങളുടെയും കഥകള്‍ കൊത്തിയ കല്ലുകളാണ് ഉപയോഗിച്ചത്.
ലോകമെമ്പാടുമുള്ള ഐക്യത്തിന്റെയും ശാന്തിയുടെയും ഒരുമയുടേയും സ്നേഹത്തിന്റെയും പ്രതീകമാണ് ക്ഷേത്രമെന്ന് സ്വാമി ബ്രഹ്മവിഹാരി പറഞ്ഞു. ആത്മീയവും സാംസ്കാരികവുമായ ആശയവിനിമയങ്ങള്‍ക്കുള്ള ആഗോള വേദി, സന്ദര്‍ശക കേന്ദ്രം, പ്രദര്‍ശന ഹാളുകള്‍, പഠന മേഖലകള്‍, കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമുള്ള കായിക കേന്ദ്രങ്ങള്‍, ഉദ്യാനങ്ങള്‍, ജലാശയങ്ങള്‍, ഭക്ഷണശാലകള്‍, ഗ്രന്ഥശാല എന്നിവയും ക്ഷേത്രത്തോട് അനുബന്ധിച്ച് നിർമിച്ചിട്ടുണ്ട്. മഹാഭാരതം, രാമായണം തുടങ്ങിയ പുരാണങ്ങളിലെ കഥാപാത്രങ്ങൾക്കൊപ്പം ബുർജ് ഖലീഫ, അബൂദബിയിലെ ശൈഖ് സായിദ് മോസ്ക് ഉൾപ്പെടെയുള്ള യുഎഇയിലെ പ്രമുഖ നിർമിതികളുടെ രൂപങ്ങളും വെണ്ണക്കല്ലിൽ കൊത്തിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
