അതിഥികളുടെ ചെക്ക്-ഇന്‍ നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതമാക്കാനും ഉയര്‍ന്ന സുരക്ഷ ഉറപ്പാക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കും.
അബുദാബി: അബുദാബിയിലെ ഹോട്ടലുകളില്‍ അതിഥികളുടെയും ജീവനക്കാരുടെയും മുഖം തിരിച്ചറിയൽ (ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റം) സംവിധാനം നടപ്പിലാക്കാൻ ഒരുങ്ങുന്നു. എമിറേറ്റിലെ ഹോട്ടലുകളിലെ പ്രവര്‍ത്തനക്ഷമതയും സുരക്ഷയും ഉറപ്പാക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണിത്.
ഇതിന്‍റെ ആദ്യ ഘട്ടം അബുദാബി നഗരം, അല്‍ ഐന്‍ മേഖല, അല്‍ ദഫ്ര മേഖല പഞ്ചനക്ഷത്ര ഹോട്ടലുകളിലാകും നടപ്പാക്കുക. രണ്ടാം ഘട്ടത്തില്‍ ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളിലേക്കും സംവിധാനം വ്യാപിപ്പിക്കും. തുടര്‍ന്ന് മറ്റ് കാറ്റഗറികളിലുള്ള ഹോട്ടലുകളിലും ഈ സംവിധാനം നടപ്പിലാക്കും. അബുദാബി സാംസ്കാരിക ടൂറിസം വകുപ്പാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വകുപ്പിലെ ലൈസന്‍സിങ് ആന്‍ഡ് റെഗുലേറ്ററി കോംപ്ലിയന്‍സ് വിഭാഗം ഇതിന് മേല്‍നോട്ടം വഹിക്കും.
അതിഥികളെത്തുമ്പോള്‍ അവരുടെ വിവരങ്ങള്‍ പരിശോധിക്കുകയും നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതമാക്കുകയും ചെയ്യാന്‍ ഈ സംവിധാനം സഹായിക്കും. ഇതിലൂടെ ചെക്ക്-ഇന്‍ സമയം കുറയും. അബുദാബി സാംസ്കാരിക ടൂറിസം വകുപ്പും ഐസിപിയും സഹകരിച്ചുള്ള ധാരണയുടെ ഭാഗമായാണ് ഹോട്ടലുകളില്‍ ഫേഷ്യൽ റെക്കഡ്നിഷന്‍ സംവിധാനം അവതരിപ്പിക്കുന്നത്.
Read Also - ഒമാനിൽ തൊഴിലവസരം, സർക്കാർ മേഖലയിലെ വിവിധ തസ്തികകളിലായി 631 ഒഴിവുകൾ
അബുദാബിയിലെ സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ ഹോട്ടലുകളില്‍ തുടങ്ങുന്ന ഇത്തരത്തിലുള്ള ആദ്യ സംവിധാനമാണിത്. അതിഥികളുടെ ചെക്ക്-ഇന്‍ സമയത്ത് ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കാനും അവ പരിശോധിക്കാനും ഇതിലൂടെ കഴിയും. ഈ വിവരങ്ങള്‍ അബുദാബി സാംസ്കാരിക ടൂറിസം വകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള കേന്ദ്രീകൃത ഡാറ്റാബേസിലേക്ക് കൈമാറും. ഈ ഡാറ്റ അതിഥികളുടെ സുരക്ഷയെ മുന്‍നിര്‍ത്തി മാത്രം ഉപയോഗിക്കുന്നതാണ്. കര്‍ശനമായ നിയമ, ധാര്‍മ്മിക മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി മാത്രമാണ് ഈ വിവരങ്ങള്‍ കൈകാര്യം ചെയ്യുക.
