അബുദാബി: കലാ, സാംസ്‌കാരിക മേഖലകളില്‍ വ്യത്യസ്ത ആശയങ്ങളുള്ളവര്‍ക്ക് ക്രിയേറ്റീവ് വിസ നല്‍കാന്‍ അബുദാബി. തലസ്ഥാന നഗരിയിലെ സാംസ്‌കാരിക മേഖലയ്ക്ക് മുതല്‍ക്കൂട്ടാകുന്ന വിധത്തില്‍ പുതുമയുള്ള ആശയങ്ങളുള്ളവര്‍ക്കാണ് ക്രിയേറ്റീവ് വിസ അനുവദിക്കുകയെന്ന് സാംസ്‌കാരിക, ടൂറിസം വിഭാഗം(ഡിസിടി) അറിയിച്ചു. 

രാജ്യത്തെ കലാകാരന്മാര്‍ക്ക് പുറമെ ലോകമെമ്പാടമുള്ള പ്രതിഭകളെയും അബുദാബി ക്ഷണിക്കുകയാണെന്ന് ഡിസിടി ചെയര്‍മാന്‍ മുഹമ്മദ് ഖലീഫ അല്‍ മുബാറക് പറഞ്ഞു. ഹെറിറ്റേജ്, പെര്‍ഫോമിങ് ആര്‍ട്‌സ്, വിഷ്വല്‍ ആര്‍ട്‌സ്, ഡിസൈന്‍, ക്രാഫ്റ്റ്, ഗെയിമിങ് ആന്‍ഡ് ഇ സ്‌പോര്‍ട്‌സ്, മീഡിയ ആന്‍ഡ് പബ്ലിഷിങ് എന്നീ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്ക് ക്രിയേറ്റീവ് വിസ ലഭിക്കും. ലോകോത്തര മ്യൂസിയം, പെര്‍ഫോമിങ് ആര്‍ട്‌സ് സെന്റര്‍, കമ്മ്യൂണിറ്റി ആന്‍ഡ് പെര്‍ഫോമിങ് ആര്‍ട്‌സ് സെന്റര്‍ എന്നിവയുമായി ബന്ധപ്പെട്ട് ജോലി ചെയ്യാനും അവസരമുണ്ട്. ലോക പൈതൃക ഭൂപടത്തില്‍ ഇടം നേടിയ അല്‍ ഐനിലെ ജബല്‍ഹഫീത് മ്യൂസിയം ഉള്‍പ്പെടെ പുരാവസ്തു മേഖലകളില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍  താല്‍പര്യമുള്ളവരെയും അബുദാബി സ്വാഗതം ചെയ്യുന്നു.