മഞ്ഞ ലൈറ്റുകള്‍ കണ്ടാണ് ഡ്രൈവര്‍ തന്റെ കാറിന്റെ വേഗത കൂട്ടിയതെന്ന് വീഡിയോയില്‍ കാണാം. എന്നാല്‍ നിയമപ്രകാരം ഈ സമയം വേഗത കുറച്ച് വാഹനം നിര്‍ത്താന്‍ തയ്യാറായ ഒരു കാറിന്റെ സമീപത്തുകൂടി തൊട്ടുതൊട്ടില്ല എന്ന അവസ്ഥയില്‍ ഇയാളുടെ കാര്‍ കുതിച്ചുപാഞ്ഞു. 

അബുദാബി: ട്രാഫിക് സിഗ്നല്‍ മറികടക്കാനായി അമിത വേഗത്തില്‍ വാഹനം ഓടിച്ച കാര്‍ ഡ്രൈവറുണ്ടാക്കിയ അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അബുദാബി പൊലീസ്. ട്രാഫിക് സിഗ്നലിലെ ഗ്രീന്‍ ലൈറ്റുകള്‍ മാറി മഞ്ഞ ലൈറ്റ് തെളിഞ്ഞ സമയത്ത് വേഗത കുറയ്ക്കുന്നതിന് പകരം സെക്കന്റുകള്‍ക്കുള്ളില്‍ അപ്പുറത്തെത്താന്‍ കുതിഞ്ഞുപാഞ്ഞതാണ് വലിയ അപകടത്തിലേക്ക് നയിച്ചത്.

മഞ്ഞ ലൈറ്റുകള്‍ കണ്ടാണ് ഡ്രൈവര്‍ തന്റെ കാറിന്റെ വേഗത കൂട്ടിയതെന്ന് വീഡിയോയില്‍ കാണാം. എന്നാല്‍ നിയമപ്രകാരം ഈ സമയം വേഗത കുറച്ച് വാഹനം നിര്‍ത്താന്‍ തയ്യാറായ ഒരു കാറിന്റെ സമീപത്തുകൂടി തൊട്ടുതൊട്ടില്ല എന്ന അവസ്ഥയില്‍ ഇയാളുടെ കാര്‍ കുതിച്ചുപാഞ്ഞു. ഈ സമയം മറ്റൊരു കാറുമായി ഒരുവശത്ത് ഇടിച്ച് വാഹനം ചരിയുകയും ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടമാവുകയും ചെയ്തു. തല്‍ഫലമായി വിപരീത ദിശയില്‍ സിഗ്നല്‍ കണ്ട് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളുടെ മുന്നിലേക്ക് കാര്‍ ഇടിച്ചുകയറി. മുന്നിലുണ്ടായിരുന്ന ഒരു കാറുമായി നേര്‍ക്കുനേരെ കൂട്ടിമുട്ടുന്നത് വീഡിയോയില്‍ കാണാം. ഈ സമയം തൊട്ടടുത്ത് തന്നെ ബൈക്കുമായി നില്‍ക്കുകയായിരുന്ന ഒരു ഡെലിവറി ജീവനക്കാരന്‍ പരിഭ്രാന്തനാവുകയും അയാളുടെ ബൈക്ക് നിലത്തേക്ക് വീഴുന്നതും ദൃശ്യങ്ങളിലുണ്ട്. ഭാഗ്യം കൊണ്ടാണ് ഇയാള്‍ വലിയൊരു അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

സ്വന്തം സുരക്ഷയും റോഡിലെ മറ്റുള്ളവരുടെ സുരക്ഷയും കണക്കിലെടുത്ത് എപ്പോഴും ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ബോധവത്കരണം ലക്ഷ്യമിട്ട് അപകടങ്ങളുടെയും മറ്റും ദൃശ്യങ്ങള്‍ അബുദാബി പൊലീസ് സ്ഥിരമായി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുമുണ്ട്. 

View post on Instagram


Read also: യുഎഇയില്‍ മലയാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് യുവാവ് മരിച്ചു; ഒരാള്‍ക്ക് ഗരുതര പരിക്ക്