അബുദാബിയിലെ സ്വകാര്യ സ്കൂളുകളിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 2,000 എമിറാത്തി അധ്യാപകരെ നിയമിക്കാൻ പദ്ധതി. വിദ്യാഭ്യാസ മേഖലയിൽ സ്വദേശി പ്രാതിനിധ്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് എജ്യൂക്കേഷൻ ആൻഡ് നോളജ് ഈ പ്രഖ്യാപനം നടത്തിയത്.
അബുദാബി: വിദ്യാഭ്യാസ മേഖലയിൽ സ്വദേശി പ്രാതിനിധ്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അബുദാബിയിലെ സ്വകാര്യ സ്കൂളുകളിൽ 2,000 എമിറാത്തി അധ്യാപകരെ നിയമിക്കാൻ പദ്ധതി. അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് എജ്യൂക്കേഷൻ ആൻഡ് നോളജ് ആണ് വെള്ളിയാഴ്ച ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.
സ്വകാര്യ വിദ്യാഭ്യാസ മേഖലയ്ക്കായുള്ള 'എമിററ്റൈസേഷൻ പോളിസി'യിലൂടെ പുതിയ തലമുറയിലെ സ്വദേശി അധ്യാപകർക്ക് പരിശീലനവും യോഗ്യതകളും നൽകി അവരെ ഈ മേഖലയിൽ മുൻനിരയിലെത്തിക്കുകയാണ് ലക്ഷ്യമിടുന്നത്. മാനവ വിഭവശേഷി മന്ത്രാലയം, എമിറാത്തി ടാലന്റ് കോംപറ്റിറ്റീവ്നെസ് കൗൺസിൽ, അൽ ദാർ എജ്യൂക്കേഷൻ, ജെംസ് എജ്യൂക്കേഷൻ, തഅ് ലീം, സാബിസ്, ഇന്റർനാഷണൽ കമ്മ്യൂണിറ്റി സ്കൂൾസ്, ലിവാ എജ്യൂക്കേഷൻ എന്നീ പ്രമുഖ സ്വകാര്യ വിദ്യാഭ്യാസ ഗ്രൂപ്പുകളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
സ്വകാര്യ സ്കൂളുകളിലെ ഭരണപരമായ തസ്തികകളിൽ മാത്രം സ്വദേശിവത്കരണം ഒതുങ്ങാതെ അധ്യാപക തസ്തികകളിൽ എമിറാത്തികളെ നിയമിക്കുക എന്നതാണ് പുതിയ നയത്തിന്റെ ലക്ഷ്യം. ആദ്യ ഘട്ടത്തിൽ സോഷ്യൽ സ്റ്റഡീസ്, അറബിക്, ഇസ്ലാമിക് സ്റ്റഡീസ് എന്നീ വിഷയങ്ങളിലായിരിക്കും നിയമനം നടക്കുക. പദ്ധതിയുടെ ഭാഗമായി യോഗ്യരായ എമിറാത്തി അധ്യാപകരെ വാർത്തെടുക്കാൻ അബുദാബി എജ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ് 'എമിറേറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് എജ്യൂക്കേഷനുമായി' ചേർന്ന് പ്രത്യേക പരിശീലന പരിപാടിക്ക് തുടക്കം കുറിക്കും. പ്രായോഗിക ക്ലാസ് റൂം പരിശീലനവും യോഗ്യത നേടുന്നവർക്ക് സ്വകാര്യ സ്കൂളുകളിൽ ജോലി സാധ്യതയും ഇതിലൂടെ ലഭ്യമാകും. സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണ പദ്ധതിയായ 'നാഫിസ്' വഴി പരിശീലന കാലയളവിൽ ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 4,000 ദിർഹം വരെ സ്റ്റൈപ്പൻഡ് ലഭിക്കും. വിവിധ സ്വകാര്യ സ്കൂൾ ഗ്രൂപ്പുകൾ ഇതിനോടകം തന്നെ നൂറുകണക്കിന് സ്വദേശി അധ്യാപകരെ നിയമിക്കാമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്.
യുഎഇയിൽ അമ്പതോ അതിൽ കൂടുതലോ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾ ഓരോ ആറു മാസത്തിലും തങ്ങളുടെ ജീവനക്കാരുടെ എണ്ണത്തിൽ 1 ശതമാനം വീതം സ്വദേശി പ്രാതിനിധ്യം വർധിപ്പിക്കേണ്ടതുണ്ട്. 2026 അവസാനത്തോടെ വിദഗ്ദ്ധ തസ്തികകളിൽ 10 ശതമാനം എമിറാത്തി പ്രാതിനിധ്യം ഉറപ്പാക്കുക എന്നതാണ് രാജ്യത്തിന്റെ പ്രഖ്യാപിത ലക്ഷ്യം. ഇത് പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ വലിയ തുക പിഴ ചുമത്തുന്നുണ്ട്.







