യാത്രക്കാര്‍ യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് നെഗറ്റീവ് ഫലം ഹാജരാക്കണം. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും വാക്‌സിന്‍ ഇളവുകളുള്ളവര്‍ക്കും പിസിആര്‍ പരിശോധന നിര്‍ബന്ധമില്ല.

അബുദാബി: അബുദാബിയില്‍(Abu Dhabi) ക്വാറന്റീന്‍ ആവശ്യമില്ലാതെ (Quarantine exemption) പ്രവേശനം അനുവദിക്കുന്ന ഗ്രീന്‍ രാജ്യങ്ങളുടെ (Green list) പട്ടിക വീണ്ടും പുതുക്കി. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ പട്ടികയില്‍ ഇടം നേടിയില്ല. ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നെത്തുന്ന എല്ലാ യാത്രക്കാരെയും അബുദാബിയില്‍ നിര്‍ബന്ധിത ക്വാറന്റീനില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മറ്റ് രാജ്യക്കാര്‍ക്ക് 10 ദിവസമാണ് ക്വാറന്റീന്‍.

യാത്രക്കാര്‍ യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് നെഗറ്റീവ് ഫലം ഹാജരാക്കണം. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും വാക്‌സിന്‍ ഇളവുകളുള്ളവര്‍ക്കും പിസിആര്‍ പരിശോധന നിര്‍ബന്ധമില്ല. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുമ്പോള്‍ പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകുകയും വേണം. ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നെത്തുന്ന വാക്സിന്‍ സ്വീകരിച്ച യാത്രക്കാര്‍ അബുദാബിയിലെത്തി ആറാം ദിവസം പിസിആര്‍ പരിശോധന നടത്തണം. വാക്‌സിനെടുക്കാത്തവരാണെങ്കില്‍ ആറാം ദിവസും ഒന്‍പതാം ദിവസവും പി.സി.ആര്‍ പരിശോധന നടത്തണം. 

മറ്റ് രാജ്യക്കാര്‍ അബുദാബിയിലെത്തി നാല്, എട്ട് ദിവസങ്ങളില്‍ പിസിആര്‍ പരിശോധന നടത്തണം. യാത്രക്കാര്‍ ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പിന്റെ ഐസിഎ യുഎഇ സ്മാര്‍ട് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയോ യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്പ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ അറൈവല്‍ ഫോമില്‍ വ്യക്തിഗത വിവരങ്ങള്‍ നല്‍കുകയോ വേണം. വാക്‌സിന്‍ എടുത്തവരും ഇളവുകളുള്ളവരും ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് ഐസിഎ സ്മാര്‍ട് ആപ്പില്‍ അപ്ലോഡ് ചെയ്യണം. സന്ദര്‍ശകര്‍ അല്‍ഹൊസന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. പിസിആര്‍ പരിശോധനാ ഫലം ആപ്പില്‍ ലഭിച്ചാല്‍ ഏഴ് ദിവസത്തേക്ക് ഗ്രീന്‍പാസ് ലഭിക്കും. അബുദാബിയിലെ വിവിധ സ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ ഗ്രീന്‍പാസ് നിര്‍ബന്ധമാണ്. 

അല്‍ബേനിയ, അള്‍ജീരിയ, അര്‍മേനിയ, ഓസ്‌ട്രേലിയ, ഓസ്ട്രിയ, അസര്‍ബൈജാന്‍, ബഹ്റൈന്‍, ബെലാറുസ്, ബെല്‍ജിയം, ബോസ്‌നിയ ആന്‍ഡ് ഹെര്‍സെഗോവിന, ബ്രസീല്‍, ബള്‍ഗേറിയ, ബര്‍മ, കംബോഡിയ, കാനഡ, ചൈന, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്റ്, ഫ്രാന്‍സ്, ജോര്‍ജിയ, ജര്‍മ്മനി, ഗ്രീസ്, ഹോങ്കോങ്, ഹംഗറി, ഇന്തോനേഷ്യ, ഇസ്രയേല്‍, ഇറാന്‍, ഇറാഖ്, ഇറ്റലി, ജപ്പാന്‍, കസാഖിസ്ഥാന്‍, കുവൈത്ത്, കിര്‍ഗിസ്ഥാന്‍, ലാവോസ്, ലാത്വിയ, ലക്‌സംബര്‍ഗ്, മാല്‍ദീവ്‌സ്, മലേഷ്യ, നെതര്‍ലന്‍ഡ്, മൊറോക്കോ, നോര്‍വെ, ഒമാന്‍, പാപ്വ ന്യൂ ഗിനിയ, ഫിലിപ്പീന്‍സ്, പോളണ്ട്, പോര്‍ച്ചുഗല്‍, അയര്‍ലാന്‍ഡ്, റൊമാനിയ, സൗദി അറേബ്യ, സെര്‍ബിയ, സിംഗപ്പൂര്‍, സ്ലൊവാക്യ, സ്ലൊവേനിയ, സൗത്ത് കൊറിയ, സ്‌പെയിന്‍, സ്വീഡന്‍, സ്വിറ്റ്സര്‍ലാന്‍ഡ്, സിറിയ, സീഷെല്‍സ്, തായ്‌വാന്‍, താജികിസ്ഥാന്‍, തായ്‌ലന്റ്, തുനീഷ്യ, തുര്‍ക്കി, യെമന്‍, തുര്‍ക്‌മെനിസ്ഥാന്‍, ഉക്രൈന്‍, യുഎസ്എ, ഉസ്ബസ്കിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് നിലവില്‍ ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 

ബഹ്റൈനിലെത്തുന്ന യാത്രക്കാര്‍ക്ക് കൊവിഡ് പരിശോധനയും ക്വാറന്റീനും വേണ്ട

മനാമ: ബഹ്റൈനില്‍ നിലവിലുണ്ടായിരുന്ന കൊവിഡ് നിബന്ധനകളില്‍ (Covid restrictions) അധികൃതര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ബഹ്റൈന്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ (Bahrain International Airport) എത്തുന്നവര്‍ക്ക് ഞായറാഴ്‍ച മുതല്‍ രാജ്യത്ത് പ്രവേശിക്കാന്‍ ഇനി കൊവിഡ് പി.സി.ആര്‍ പരിശോധന (Covid PCR Test) നടത്തേണ്ട ആവശ്യമില്ല. രാജ്യത്ത് പ്രവേശിച്ച ശേഷമുള്ള നിര്‍ബന്ധിത ക്വാറന്റീനും (Precautionary quarantine) ഒഴിവാക്കി.

രാജ്യത്തെ സിവില്‍ ഏവിയേഷന്‍ വിഭാഗം കഴിഞ്ഞ ദിവസം രാത്രിയാണ് പുതിയ ഇളവുകള്‍ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ബഹ്റൈനില്‍ കൊവിഡ് പ്രതിരോധ ചുമതലയുള്ള ടാസ്ക് ഫോഴ്‍സ് നല്‍കിയ ശുപാര്‍ശകള്‍ ഗവണ്‍മെന്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. തുടര്‍ന്നാണ് സിവില്‍ ഏവിയേഷന്‍ വിഭാഗം കഴിഞ്ഞ ദിവസം രാത്രി ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.

രാജ്യത്ത് കൊവിഡ് പോസിറ്റീവാകുന്നവരുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ക്ക് ബാധകമായ പ്രോട്ടോകോളിലും മാറ്റം വരുത്തിയിട്ടുണ്ട്. നിലവില്‍ കൊവിഡ് ബാധിച്ചവരുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് ഇനി മുതല്‍ ക്വാറന്റീന്‍ നിര്‍ബന്ധമില്ല. BeAware മൊബൈല്‍ ആപ്ലിക്കേഷനില്‍ ഗ്രീന്‍ സ്റ്റാറ്റസ് ഇല്ലാത്തവര്‍ക്കും കൊവിഡ് പോസിറ്റീവായവരുമായി സമ്പര്‍ക്കത്തില്‍ വന്നാല്‍ ക്വാറന്റീന്‍ നിര്‍ബന്ധമില്ല.

പുതിയ നിബന്ധനകള്‍ പ്രകാരം സമ്പര്‍ക്കത്തിലുള്ളവര്‍ക്ക് രോഗ ലക്ഷണങ്ങള്‍ പ്രകടമാവുന്നുണ്ടെല്‍ മാത്രമേ പരിശോധന നടത്തേണ്ടതുള്ളൂ. സമ്പര്‍ക്കത്തിലുള്ളവര്‍ക്ക് രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ ഉടന്‍ തന്നെ റാപ്പിഡ് പരിശോധന നടത്തണം. ഈ പരിശോധനയില്‍ പോസിറ്റീവായാല്‍ ഏതെങ്കിലുമൊരു ഡ്രൈവ് ത്രൂ പരിശോധനാ കേന്ദ്രത്തിലെത്തി പി.സി.ആര്‍ പരിശോധന നടത്താം. അതല്ലെങ്കില്‍ സ്വകാര്യ ആശുപത്രികളില്‍ പോയും പരിശോധിക്കാം. 444 എന്ന നമ്പറില്‍ വിളിച്ചോ അല്ലെങ്കില്‍ BeAware മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ പരിശോധനയ്‍ക്കുള്ള അപ്പോയിന്റ്‍മെന്റ് എടുക്കാം.

രാജ്യത്ത് കൊവിഡ് വാക്സിനേഷന്റെയും ബൂസ്റ്റര്‍ ഡോസിന്റെയും ഫലപ്രാപ്‍തി സംബന്ധിച്ച് നടത്തിയ വിലയിരുത്തലുകള്‍ക്കൊടുവിലാണ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. വാക്സിനേഷന് ശേഷം ജനങ്ങള്‍ക്ക് കൊവിഡിനെതിരായ പ്രതിരോധ ശേഷി വര്‍ദ്ധിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ വ്യക്തികള്‍ കൊവിഡ് പ്രതിരോധത്തിനായി മാസ്‍ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള സുരക്ഷാ നടപടികള്‍ തുടര്‍ന്നും സ്വീകരിക്കണം. 

അതേസമയം രാജ്യത്ത് ഒന്‍പത് കമ്പനികളുടെ കൂടി റാപ്പിഡ് കൊവിഡ് പരിശോധനാ കിറ്റുകള്‍ ഉടന്‍ തന്നെ ലഭ്യമാവുമെന്ന് ആരോഗ്യ മേഖലയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥ പറഞ്ഞു. കൊവിഡ് പരിശോധനാ കിറ്റുകള്‍ക്ക് വിപണിയില്‍ ആവശ്യക്കാര്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് കിറ്റുകള്‍ കൂടുതലായി എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നത്. വരും ദിവസങ്ങളില്‍ കുടുതല്‍ ടെസ്റ്റ് കിറ്റുകള്‍ രാജ്യത്ത് എത്തുമെന്നും നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോരിറ്റി ചീഫ് എക്സിക്യൂട്ടീവ് ഡോ. മറിയം അല്‍ ജലാമ പറഞ്ഞു.