റിയാദ്: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ ലംഘിച്ച് വിവാഹാഘോഷ ചടങ്ങ് സംഘിപ്പിച്ച സംഭവത്തില്‍ നവവരനെതിരെ നടപടി. സൗദി അറേബ്യയിലെ അസീറിലായിരുന്നു സംഭവം. അനുവദിക്കപ്പെട്ടതിലും കൂടുതല്‍ ആളുകള്‍ ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയത് ശ്രദ്ധയില്‍പെട്ട സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ ജനങ്ങളെ തിരിച്ചയച്ചു.

വിവാഹങ്ങളും മറ്റ് അനുശോചന ചടങ്ങുകളും ഉള്‍പ്പെടെയുള്ള കുടുംബ, സാമൂഹിക പരിപാടികളില്‍ 50ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്നതിന് സൗദി അറേബ്യയില്‍ വിലക്കുണ്ട്. ഇത് ലംഘിച്ചാണ് ഓഡിറ്റോറിയത്തില്‍ നിരവധിപ്പേരെ പങ്കെടുപ്പിച്ച് വിവാഹോഘോഷം നടത്തിയത്. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ജനങ്ങളെ പിരിച്ചുവിട്ടു. നവവരനെയും ഓഡിറ്റോറിയത്തിന്റെ ചുമതലയുള്ള ജീവനക്കാരനെയും ചടങ്ങുമായി ബന്ധമുള്ള മറ്റൊരാളെയും ചോദ്യം ചെയ്യാനായി പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇവര്‍ക്ക് വന്‍തുക പിഴ ചുമത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.