ട്രക്കുകളിൽ ലോഡ് കയറ്റാൻ നിശ്ചയിച്ചിരിക്കുന്ന അളവുകൾ 23 മീറ്റർ നീളവും 2.6 മീറ്റർ വീതിയും 4.8 മീറ്റർ ഉയരവുമാണ്.
റിയാദ്: അനുവദിക്കപ്പെട്ടതിൽ കൂടുതൽ ഭാരം കയറ്റിയാൽ ട്രക്കുകൾക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കുമെന്ന് സൗദി റോഡ് അതോറിറ്റി അറിയിച്ചു. നിശ്ചിത അളവുകളിലും ഭാരത്തിലുമുള്ള ലോഡ് മാത്രമേ കയറ്റാൻ പാടുള്ളൂ. അനുവദനീയമായതിൽ കൂടുതലുള്ള ഭാരവുമായി ട്രക്കുകൾ പോകുന്നത് റോഡുകളുടെ സുരക്ഷയെ അപകടത്തിലാക്കും. റോഡുകൾ സംരക്ഷിക്കപ്പെടേണ്ട നാടിെൻറ ഏറ്റവും പ്രധാനപ്പെട്ട സ്വത്തുകളിലൊന്നാണെന്നും റോഡ് അതോറിറ്റി പറഞ്ഞു.
ട്രക്കുകളിൽ ലോഡ് കയറ്റാൻ നിശ്ചയിച്ചിരിക്കുന്ന അളവുകൾ 23 മീറ്റർ നീളവും 2.6 മീറ്റർ വീതിയും 4.8 മീറ്റർ ഉയരവുമാണ്. ഈ അളവുകൾ കവിഞ്ഞാൽ 1,000 റിയാലാണ് പിഴ. ട്രക്കുകളുടെ പതിവ് ലോഡ് കപ്പാസിറ്റി പാലിക്കേണ്ടതിെൻറ പ്രാധാന്യവും അതോറിറ്റി ചൂണ്ടിക്കാട്ടി. ആക്‌സിലുകളുടെ ശേഷിക്ക് അനുസൃതമായാണ് അത് നിശ്ചയിച്ചിരിക്കുന്നത്. രണ്ട് ആക്‌സിലുകളുള്ള ട്രക്കുകൾക്ക് 21 ടൺ അനുവദനീയമാണ്. മൂന്ന് ആക്‌സിലുകൾക്ക് 34 ടൺ, നാല് ആക്‌സിലുകൾക്ക് 42 ടൺ, അഞ്ച് ആക്‌സിലുകൾക്ക് 45 ടൺ എന്നിങ്ങനെയാണ് നിശ്ചയിച്ചിരിക്കുന്ന അളവ്.
അനുവദനീയമായ ഭാരം കവിയുന്നവർക്ക് ഒരോ 100 കിലോഗ്രാമിന് 200 റിയാൽ പിഴ ചുമത്തും. ഇത് ഒരു ലക്ഷം റിയാൽ വരെയാകും. റോഡുകൾ നിലനിർത്തുന്നതിന് ട്രക്കുകളുടെ അളവുകളും ഭാരവും പാലിക്കേണ്ടതിെൻറ പ്രാധാന്യം അതോറിറ്റി ഊന്നിപ്പറഞ്ഞു. സുരക്ഷയിലും ഗുണനിലവാരത്തിലും അധിഷ്ഠിതമായ റോഡുകളുടെ സംരക്ഷണത്തിനും വികസനത്തിനുമുള്ള പദ്ധതിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ മുന്നേറാനും റോഡ് ഗുണനിലവാരത്തിൽ ലോകത്തിലെ ആറാമത്തെ സൂചികയിലെത്താനുമാണ് ലക്ഷ്യമിടുന്നതെന്നും അതോറിറ്റി വ്യക്തമാക്കി.
Read Also - പ്രവാസി മലയാളികള്‍ക്ക് ആശ്വാസം; കേരളത്തിലേക്ക് നേരിട്ടുള്ള പുതിയ സർവീസിന് തുടക്കമിട്ട് ബജറ്റ് എയര്‍ലൈന്‍
ഹൗസ് ഡ്രൈവർ ഉൾപ്പടെയുള്ള വീട്ടുജോലിക്കാരുടെ റിക്രൂട്ട്‌മെൻറ് കരാർ ഇൻഷുർ ചെയ്യേണ്ട ബാധ്യത തൊഴിലുടമകൾക്ക്
റിയാദ്: സൗദിയിൽ ഹൗസ് ഡ്രൈവർമാരുൾപ്പെടെയുള്ള ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെൻറ് കരാർ ഇൻഷുർ ചെയ്യാനുള്ള ചുമതല തൊഴിലുടമകൾക്ക് നൽകി. നേരത്തെ ഗാഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള കരാർ ഇൻഷൂർ ചെയ്യാനുള്ള ചുമതല ഇത് വരെ റിക്രൂട്ട്മെൻ്റ് സ്ഥാപനങ്ങൾക്കായിരുന്നു. എന്നാൽ തിങ്കളാഴ്ച മുതൽ ഇത് തൊഴിലുടമകളിലേക്ക് മാറ്റി. പുതിയ മാറ്റമനുസരിച്ച് തൊഴിലുടമകളും ഇൻഷുറൻസ് കമ്പനികളും നേരിട്ടാണ് റിക്രൂട്ട്‌മെന്റ് കരാറിൻ്റെ ഇൻഷുറൻസ് നടപടികൾ പൂർത്തിയാക്കേണ്ടത്.
ഇതുമായി ബന്ധപ്പെട്ടുണ്ടായിരുന്ന സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ടാണ് മുസാനിദ് പ്ലാറ്റ് ഫോം തൊഴിലുടമകൾക്ക് നേരിട്ട് ചെയ്യാൻ സൌകര്യമൊരുക്കിയത്. റിക്രൂട്ട്‌മെന്റ് കമ്പനികളുടേയും ഓഫീസുകളുടേയും നടപടിക്രമങ്ങൾ നജും കമ്പനി വഴി ഓട്ടോമാറ്റിക് ആയി പൂർത്തിയാക്കും. തൊഴിലാളികൾ ഒളിച്ചോടുകയോ ജോലി ചെയ്യാൻ വിസമ്മതിക്കുകയോ ചെയ്യുന്ന പക്ഷം റിക്രൂട്ട്‌മെന്റ് ചെലവ് തൊഴിലുടമകൾക്ക് തിരികെ ലഭിക്കുന്നതിന് വേണ്ടിയാണ് റിക്രൂട്ട്മെൻ്റ് കരാർ ഇൻഷൂർ ചെയ്യുന്നത്. വിവിധ ഇൻഷുറൻസ് കമ്പനികൾ വ്യത്യസ്ത നിരക്കുകളാണ് ഇതിനായി ഈടാക്കുന്നത്. 2 വർഷത്തെ കാലാവധിയുള്ള പോളിസിക്ക് 600 റിയാൽ മുതൽ 2,000 റിയാൽ വരെ കമ്പനികൾ ഈടാക്കുന്നുണ്ട്.
