അബുദാബി: കെട്ടിമ നിര്‍മാണ സ്ഥലത്ത് ജോലി ചെയ്യവെയുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ പ്രവാസി യുവാവിന് അഞ്ച് ലക്ഷം ദിര്‍ഹം (ഒരു കോടിയോളം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കണമെന്ന് അബുദാബി കോടതി വിധിച്ചു. ജോലി സ്ഥലത്ത് അടുക്കിവെച്ചിരുന്ന ഇഷ്‍ടിക ശരീരത്തില്‍ വീണ് 38കാരനായ യുവാവിന് പരിക്കേല്‍ക്കുകയും ശാരീരിക വൈകല്യം സംഭവിക്കുകയുമായിരുന്നു.

അപകടത്തിന് ശേഷം നടക്കാന്‍ സാധിക്കാത്ത അദ്ദേഹം ഇപ്പോള്‍ വീല്‍ചെയറിലാണ് സഞ്ചരിക്കുന്നത്. രണ്ട് കാലുകള്‍ക്കുമേറ്റ പരിക്കിന് പുറമെ ഇടുപ്പിനും ക്ഷതമേറ്റിരുന്നു. സംഭവത്തെ തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍, കമ്പനി ആവശ്യമായ സുരക്ഷാ സംവിധാനങ്ങളൊരുക്കിയില്ലെന്നാണ് കണ്ടെത്തിയത്. 

കേസ് ആദ്യം പരിഗണിച്ച അബുദാബി പ്രാഥമിക ക്രിമിനല്‍ കോടതി കമ്പനിക്ക് 10,000 ദിര്‍ഹം പിഴ ചുമത്തിയതിന് പുറമെ പരിക്കേറ്റ തൊഴിലാളിക്ക് രണ്ട് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്നും ഉത്തരവിട്ടിരുന്നു. ഇതിന് ശേഷം ആറ് ലക്ഷം ദിര്‍ഹത്തിന്റെ നഷ്ടപരിഹാരം തേടി സിവില്‍ കോടതിയില്‍ യുവാവ് കേസ് ഫയല്‍ ചെയ്‍തു.

കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന യുവാവിന് അപകടത്തെ തുടര്‍ന്നുണ്ടായ വൈകല്യം കാരണം കമ്പനി ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്‍തു. തൊഴിലാളിയെ നിയമിച്ച ഔട്ട് സോഴ്‍സിങ് സ്ഥാപനത്തിനാണ് ഉത്തരവാദിത്തമെന്നും തങ്ങള്‍ക്ക് പിഴവൊന്നും സംഭവിച്ചിട്ടില്ലെന്നുമായിരുന്നു കമ്പനിയുടെ വാദം. എന്നാല്‍ കോടതി അഞ്ച് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് വിധിക്കുകയായിരുന്നു.