ദുബൈ വിസയുള്ളവരില്‍ ഗുരുതര രോഗങ്ങളുള്ളവരോ ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരോ ആയ 16 വയസിന് മുകളില്‍ പ്രായമുള്ളവര്‍, 16 വയസിന് മുകളില്‍ പ്രായമുള്ള സ്വദേശികള്‍ എന്നിവര്‍ക്ക് പുറമെ ഏതെങ്കിലും എമിറേറ്റില്‍ നിന്ന് ഇഷ്യു ചെയ്‍ത വിസയുള്ള 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ദുബൈയില്‍ വാക്സിനെടുക്കാം.

ദുബൈ: കൊവിഡ് വാക്സിനേഷന്‍ ക്യാമ്പയിന്‍ വിപുലമാക്കി ദുബൈ. പുതിയ അറിയിപ്പനുസരിച്ച് 40 വയസിന് മുകളിലുള്ളവര്‍ക്ക് ഇനി കൊവിഡ് വാക്സിന്‍ ലഭ്യമാവും. എന്നാല്‍ ദുബൈയില്‍ ഇഷ്യു ചെയ്‍ത സാധുതയുള്ള വിസ ഉള്ളവരായിരിക്കണമെന്ന് മാത്രം. കൊവിഡ് വാക്സിന്‍ ലഭ്യമാവുന്ന മറ്റ് വിഭാഗങ്ങളിലുള്ളവരുടെ വിവരങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

ദുബൈ വിസയുള്ളവരില്‍ ഗുരുതര രോഗങ്ങളുള്ളവരോ ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരോ ആയ 16 വയസിന് മുകളില്‍ പ്രായമുള്ളവര്‍, 16 വയസിന് മുകളില്‍ പ്രായമുള്ള സ്വദേശികള്‍ എന്നിവര്‍ക്ക് പുറമെ ഏതെങ്കിലും എമിറേറ്റില്‍ നിന്ന് ഇഷ്യു ചെയ്‍ത വിസയുള്ള 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ദുബൈയില്‍ വാക്സിനെടുക്കാം. എന്നാല്‍ ഇവര്‍ ദുബൈയില്‍ താമസിക്കുന്നവരാണെന്ന് തെളിയിക്കണം. എമിറേറ്റ്സ് ഐഡിയുള്ള ഗള്‍ഫ് രാജ്യങ്ങളിലെ പൗരന്മാര്‍, മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍, സുപ്രധാന മേഖലകളിലെ ജീവനക്കാര്‍ എന്നിവര്‍ക്കും വാക്സിനെടുക്കാം.

നിലവില്‍ സിനോഫാം, ഫൈസര്‍, ആസ്‌‍ട്രസെനിക വാക്സിനുകളാണ് ദുബൈ ഹെല്‍ത്ത് അതോരിറ്റി നല്‍കുന്നത്. ഫൈസര്‍ - ബയോഎന്‍ടെക് വാക്സിന്‍ നിലവില്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് നല്‍കിക്കൊണ്ടിരുന്നതെങ്കില്‍ ഇനി മുതല്‍ 16 വയസിന് മുകളിലുള്ളവര്‍ക്ക് നല്‍കാമെന്നും അറിയിച്ചിട്ടുണ്ട്. നേരത്തെ 18നും 65നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാത്രം നല്‍കിയിരുന്ന ആസ്‍ട്രസെനിക വാക്സിന്‍ 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും നല്‍കാമെന്നും പുതിയ അറിയിപ്പില്‍ പറയുന്നു.