ദുബായ്: ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം അനിശ്ചിതമായി വൈകുന്നു. പ്രായമായവരും പിഞ്ചുകുട്ടികളും അടക്കം മുന്നൂറോളം യാത്രക്കാരാണ് കുടുങ്ങിയത്. ബോര്‍ഡ് പാസ്സെടുത്ത ശേഷമാണ് വിമാനം വൈകുമെന്ന വിവരം അധികൃതര്‍ അറിയിച്ചതെന്ന് യാത്രക്കാര്‍ പറഞ്ഞു.

സാങ്കേതിക തകരാറെന്നാണ് എയർ ഇന്ത്യ നൽകുന്ന വിശദീകരണം. പിന്നാലെ യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി.  എന്നാൽ വിമാനം എപ്പോള്‍ പുറപ്പെടുമെന്ന കാര്യത്തിൽ ഇതുവരെ അറിയിപ്പൊന്നും ഇല്ലെന്ന്, യാത്രക്കാരനായ അനസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വേറെ വിമാനത്തിൽ കയറ്റി നാട്ടിലെത്തിക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല.

''നെഞ്ച് വേദനയുണ്ടായതിനാൽ ഒരു രോഗിയായ യാത്രക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. നിലവിൽ ഞങ്ങൾ ഹോട്ടലിൽ തുടരുകയാണ്. എപ്പോൾ വിമാനം പുറപ്പെടുമെന്ന് ചോദിച്ച് റിസപ്ഷനിൽ വിളിക്കുമ്പോൾ ഇതുവരെ വിവരം കിട്ടിയിട്ടില്ലെന്നാണ് പറയുന്നത്'', അനസ് പറയുന്നു.