കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ദുബായിലേക്കും ദോഹയിലേക്കും ഇന്ന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്‍പ്രസ് വിമാനങ്ങള്‍ തിരുവനന്തപുരത്തേക്ക് മാറ്റും. റണ്‍വേയില്‍ വെള്ളം കയറിയതിന് പിന്നാലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം അടച്ചതിനെ തുടര്‍ന്നാണ് സര്‍വീസുകള്‍ പുനഃക്രമീകരിക്കുന്നത്. 

കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന IX 435 വിമാനം തിരുവനന്തപുരത്ത് നിന്ന് വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്കായിരിക്കും പുറപ്പെടുന്നത്. കൊച്ചി-ദോഹ വിമാനത്തിന് പകരമുള്ള തിരുവനന്തപുരം-ദോഹ വിമാനം രാത്രി 12.30ന് പുറപ്പെടുമെന്നും അധികൃതര്‍ അറിയിച്ചു. ഈ രണ്ട് വിമാനങ്ങളിലും ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ പുതിയ സമയക്രമം അനുസരിച്ച് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചേരണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 04424301930, 0471 2500008, 8086855081 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. കൊച്ചി വിമാനത്താവളം അടച്ചിട്ടതുകൊണ്ട് യാത്രക്കാര്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസുകള്‍ നടത്തും.