തിരുവനന്തപുരം: മസ്‍കത്തില്‍ നിന്ന് കോഴിക്കോടേക്കുള്ള എയര്‍ ഇന്ത്യ വിമാനം വെള്ളിയാഴ്ച തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടു. പിന്നീട് കോഴിക്കോടേക്ക് കൊണ്ടുപോകുന്നതില്‍ അനിശ്ചിതത്വം നേരിട്ടതോടെ യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പിന്നീട് വൈകുന്നേരത്തോടെയാണ് വിമാനം കോഴിക്കോടേക്ക് തിരിച്ചത്.

മോശം കാലാവസ്ഥയെ തുടര്‍ന്നാണ് കോഴിക്കോട് ഇറങ്ങേണ്ടിയിരുന്ന ഐ.എക്സ് 350 വിമാനം രാവിലെ 10.30ഓടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. തുടര്‍ന്ന് പൈലറ്റുമാരുടെ ഡ്യൂട്ടി സമയം അവസാനിച്ചതിനാല്‍ വിമാനം കോഴിക്കോടേക്ക് പുറപ്പെടുന്നത് അനിശ്ചിതമായി വൈകുകയായിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ഉച്ചവരെ ഭക്ഷണവും വെള്ളവുമില്ലാതെ വിമാനത്തിലിരുന്നു. പിന്നീട് യാത്രക്കാര്‍ ബഹളം വെച്ചതോടെ എയര്‍ ഇന്ത്യ ജീവനക്കാര്‍ വെള്ളവും ഭക്ഷണവും എത്തിച്ചു. പിന്നീട് യാത്രക്കാരെ ടെര്‍മിനലിലേക്കും മാറ്റി. വൈകുന്നേരം നാലുമണിയോടെ പകരം പൈലറ്റുമാരെ എത്തിച്ചാണ് വിമാനം കോഴിക്കോട്ടേക്ക് വിട്ടത്.