ദുബൈ: വിമാന ടിക്കറ്റുകള്‍ വിലകൂട്ടി വിറ്റ് 1,62,155 ദിര്‍ഹം തട്ടിയെടുത്ത കേസില്‍ വിമാനക്കമ്പനി ജീവനക്കാരനെതിരെ ദുബൈയില്‍ പുനര്‍ വിചാരണ. ഉപഭോക്താക്കള്‍ക്ക് നല്‍കിയ ബില്ലുകളിലും ഇലക്ട്രോണിക് ഡേറ്റയിലും തിരിമറി കാണിച്ചായിരുന്നും തട്ടിപ്പ്. ഉപഭോക്താക്കളില്‍ നിന്ന് വലിയ തുക ഈടാക്കുകയും കണക്കുകളില്‍ തുക കുറച്ച് കാണിച്ച് അധികമുള്ള പണം കൈക്കലാക്കുകയുമായിരുന്നു രീതി.

കോടതിയില്‍ കുറ്റം സമ്മതിച്ച പ്രതി ഒരു വര്‍ഷത്തിനിടെ 36 ഇലക്ട്രോണിക് രസീതുകളില്‍ കൃത്രിമം കാണിച്ചതായി സമ്മതിച്ചു. ഇതനുസരിച്ച് കേസില്‍ നേരത്തെ ഇയാള്‍ക്ക് ഒരു വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചിരുന്നു. തട്ടിയെടുത്ത 1,62,155 ദിര്‍ഹം തിരികെ നല്‍കണമെന്നും ഇതിന് പുറമെ 1,50,000 ദിര്‍ഹം പിഴയടയ്ക്കണമെന്നും ശിക്ഷ അനുഭവിച്ച ശേഷം നാടുകടത്താനുമായിരുന്നു വിധി.

2016 മുതല്‍ വിമാനക്കമ്പനിയില്‍ ജോലി ചെയ്തുവരികയാണെങ്കിലും സംഭവം പുറത്തറിഞ്ഞത് 2019 സെപ്‍തംബര്‍ ഒന്‍പതിനായിരുന്നു. ഇടപാടുകള്‍ പരിശോധിച്ചപ്പോള്‍ സംശയം തോന്നിയ തങ്ങള്‍ വിശദമായ അന്വേഷണം നടത്തുകയായിരുനന്നുവെന്ന് കമ്പനിയുടെ സെക്യൂരിറ്റി കണ്‍ട്രോളര്‍ അറിയിച്ചു. യഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ വലിയ വിലയ്ക്ക് ഇയാള്‍ ടിക്കറ്റ് വിറ്റിരുന്നതായി പരിശോധനയില്‍ കണ്ടെത്തി. വിലയിലുള്ള വ്യത്യാസം സ്വന്തം പോക്കറ്റിലുമാക്കി.

ടിക്കറ്റുകള്‍ വില കൂട്ടി വില്‍ക്കുന്നതിന് പുറമെ വിമാനത്തിലെ ക്ലാസ് മാറ്റത്തിനുള്ള ചാര്‍ജ്, ടിക്കറ്റുകളിലെ എയര്‍പോര്‍ട്ട് നികുതി, യാത്ര തീയ്യതി മാറ്റുന്നതിന് ഈടാക്കുന്ന അധിക ചാര്‍ജ് എന്നിവയിലെല്ലാം തിരിമറി നടത്തിയതായി കണ്ടെത്തി. പിടിക്കപ്പെട്ടപ്പോള്‍, തട്ടിയെടുത്ത പണം മുഴുവന്‍ തിരികെ നല്‍കാമെന്ന് ഇയാള്‍ സമ്മതിച്ചു. എന്നാല്‍ കടുത്ത ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദം. കേസില്‍ സെപ്‍തംബര്‍ 23ന് വിചാരണ തുടങ്ങും.