കൊച്ചി-ജിദ്ദ സെക്ടറില്‍ നേരിട്ടുള്ള പുതിയ സര്‍വീസ് ആരംഭിച്ച് ആകാശ എയര്‍. 

ജിദ്ദ: പ്രവാസി മലയാളികള്‍ക്ക് ആശ്വാസമായി കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കും തിരിച്ചുമുള്ള പുതിയ സര്‍വീസ് ആരംഭിച്ച് ആകാശ എയര്‍. ജൂൺ 29 മുതലാണ് ജിദ്ദ-കൊച്ചി നേരിട്ടുള്ള ആദ്യ സര്‍വീസ് തുടങ്ങിയത്. 186 ഇക്കോണമി സീറ്റുകൾ വീതമുള്ള ബോയിങ് 737 മാക്സ് വിമാനങ്ങളാണ് സർവീസ് നടത്തുന്നത്.

ബജറ്റ് എയര്‍ലൈനായ ആകാശ എയറിന്‍റെ പുതിയ സര്‍വീസ് പ്രവാസികള്‍ക്ക് ഏറെ ഗുണകരമാകും. ശനി, ഞായര്‍, തിങ്കള്‍ എന്നീ ദിവസങ്ങളിലാണ് ആകാശ എയര്‍ സര്‍വീസുകള്‍ നടത്തുക. ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ട് സര്‍വീസുകൾ വീതമുണ്ട്. ശനി, തിങ്കൾ ദിവസങ്ങളിൽ രാവിലെ 6.10ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട് രാത്രി 9.55ന് വിമാനം ജിദ്ദയിൽ എത്തും. ജിദ്ദയിൽ നിന്ന് തിരികെ അടുത്ത ദിവസം രാവിലെ 6.45നാണ് കൊച്ചിയിലേക്കുള്ള മടക്കം. ഞായറാഴ്ച പുലർച്ചെ 3ന് പുറപ്പെടുന്ന വിമാനം ജിദ്ദയിൽ രാവിലെ 7.45ന് എത്തും. രാത്രി 8.30ന് കൊച്ചിയിൽ നിന്ന് പുറപ്പെടുന്ന വിമാനം പിറ്റേന്ന് രാവിലെ 10.10ന് ജിദ്ദയിലെത്തും.