ഖത്തറില്‍ ഇനി 13 ദിവസം കനത്ത ചൂടായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. 

ദോഹ: ജൂലൈ 28 തിങ്കളാഴ്ച രാത്രി ദിറാഅ് നക്ഷത്രമുദിച്ചതോടെ ഖത്തറിൽ ഇനി ചൂട് കൂടുമെന്നറിയിച്ച് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. അൽ-മിർസം എന്നും അറിയപ്പെടുന്ന ഈ നക്ഷത്രം 13 ദിവസം നീണ്ടുനിൽക്കുമെന്ന് പ്രവചിക്കപ്പെടുന്നു. യെമൻ നക്ഷത്രങ്ങളിൽ ഒന്നും വേനൽക്കാലത്തെ ഏറ്റവും തിളക്കമുള്ള അഞ്ചാമത്തെ നക്ഷത്രവുമാണ് ഇത്. ഈ കാലയളവിൽ സൂര്യൻ നന്നായി പ്രകാശിക്കും.

അന്തരീക്ഷ താപനില വർധിക്കുകയും ഈർപ്പത്തിന്‍റെ അളവ് ഗണ്യമായി ഉയരുകയും ചെയ്യും. ചില സമയങ്ങളിൽ മേഘങ്ങൾ രൂപപ്പെടാനും മഴ പെയ്യാനും സാധ്യതയുണ്ട്. ഈ കാലയളവിൽ വടക്കുകിഴക്കൻ കാറ്റുകൾക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. താപനില ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും ശരീരത്തിൽ ജലാംശം നിലനിർത്താൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും അധികൃതർ നിർദേശിച്ചു.

ഖത്തറിൽ അടുത്ത രണ്ട് ദിവസം ഹ്യൂമിഡിറ്റി കൂടും; ജാഗ്രതാ നിർദേശവുമായി ഖത്തർ കാലാവസ്ഥ വകുപ്പ്. അതേസമയം രാജ്യത്ത് അടുത്ത രണ്ട് ദിവസം ഹ്യൂമിഡിറ്റി കൂടുമെന്ന് ഖത്തർ കാലാവസ്ഥ വകുപ്പ്(ക്യു.എം.ഡി) നേരത്തെ അറിയിച്ചിരുന്നു. ജൂലൈ 28 മുതൽ ജൂലൈ 29 വരെ ഈ കാലാവസ്ഥ തുടരുമെന്നായിരുന്നു അറിയിപ്പ്. ഹ്യൂമിഡിറ്റി കൂടുന്നതിനാൽ ചില പ്രദേശങ്ങളിൽ അതിരാവിലെയും രാത്രിയിലും മങ്ങിയ കാലാവസ്ഥ അനുഭവപ്പെടാൻ സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളിലെയും തുറസ്സായ ഹൈവേകളിലെയും യാത്രക്കാർ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും, വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണമെന്നും അധികൃതർ മുന്നറിയിപ്പു നൽകി. പ്രായമുള്ളവരും കുട്ടികളും ഇത്തരം കാലാവസ്ഥയിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിരുന്നു.