ബൗഷറിൽ ആത്മീയതയും ആധുനിക കലാസൗന്ദര്യവും സംഗമിക്കുന്ന ഒരു പുതിയ പള്ളി 'അൽ ഇർഫാൻ മസ്ജിദ്' വിശ്വാസികൾക്കായി തുറന്നു നൽകി. ഒമാൻ എണ്ടോവ്മെന്‍റ്സ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് മന്ത്രിയായ ഡോ. മുഹമ്മദ് ബിൻ സഈദ് അൽ മാമറിയുടെ നേതൃത്വത്തിലാണ് ഉദ്ഘാടനം ചെയ്തത്.

മസ്കറ്റ്: മസ്‌കറ്റ് നഗരത്തിന്‍റെ ഹൃദയഭാഗമായ ബൗഷറിൽ ആത്മീയതയും ആധുനിക കലാസൗന്ദര്യവും സംഗമിക്കുന്ന ഒരു പുതിയ പള്ളി 'അൽ ഇർഫാൻ മസ്ജിദ്' വിശ്വാസികൾക്കായി തുറന്നു നൽകി. ഒമാൻ എണ്ടോവ്മെന്‍റ്സ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് മന്ത്രിയായ ഡോ. മുഹമ്മദ് ബിൻ സഈദ് അൽ മാമറിയുടെ നേതൃത്വത്തിലാണ് പള്ളി ഉദ്ഘാടനം ചെയ്തത്. സയ്യിദ് നബിഘ് ബിൻ താലാൽ അൽ സഈദ്, ഇഞ്ചിനിയർ ഹമദ് ബിൻ അലി അൽ നിസ്വാനി എന്നിവരും സന്നിഹിതരായിരുന്നു.

രണ്ടു നിലകളിലായി രൂപകല്പന ചെയ്തിരിക്കുന്ന അൽ ഇർഫാൻ മസ്ജിദ്, ആധുനിക ഇസ്ലാമിക വാസ്തുശൈലിയുടെ ഉജ്ജ്വല ഉദാഹരണമാണ്. സുഖസൗകര്യവും സുരക്ഷയും മുൻനിർത്തി, പ്രാർത്ഥനയ്ക്കും സമൂഹ പ്രവർത്തനങ്ങൾക്കും അനുയോജ്യമായ വിധത്തിലാണ് പള്ളി നിർമ്മിച്ചിരിക്കുന്നത്. പ്രധാന നമസ്കാര ഹാളിൽ ഏകദേശം 1,500 വിശ്വാസികൾക്ക് ഒരേസമയം നമസ്കരിക്കാം. പ്രകാശവും വായുവും ധാരാളമായി ലഭിക്കുന്ന തുറന്ന പ്ലാൻ രൂപകൽപ്പനയാണ് ഇവിടത്തെ മുഖ്യ സവിശേഷത. പള്ളിയുടെ ഹൃദയഭാഗമായ വൻ ഗോളാകൃതിയിലുള്ള ഗുംബദ് അതിന്റെ ശില്പകലയെ തിളക്കമുള്ളതാക്കുന്നു.

താഴത്തെ നിലയിൽ സുരക്ഷാ നിയന്ത്രണ കേന്ദ്രവും പൊതുജന ലൈബ്രറിയും പ്രവർത്തിക്കുന്നുണ്ട്. വിദ്യാഭ്യാസ, സാംസ്കാരിക പ്രവർത്തനങ്ങൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താനാകും. മുകളിലെ നിലയിൽ സ്ത്രീകൾക്കായുള്ള പ്രാർത്ഥനാ മുറി ഒരുക്കിയിട്ടുണ്ട്, ഇതിൽ ഏകദേശം 50 പേരെ ഉൾക്കൊള്ളാനാകും. അതേ നിലയിൽ തന്നെ ഖുർആൻ മനപ്പാഠ സ്കൂൾ സജ്ജമാക്കിയിട്ടുണ്ടെന്നും അതിൽ ആധുനിക പഠനസൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

41.76 മീറ്റർ ഉയരമുള്ള മിനാറ്, പരമ്പരാഗത ഇസ്ലാമിക അനുപാതങ്ങളിൽ നിർമ്മിച്ചിരിക്കുന്നു, ബൗഷറിന്റെ ആകാശരേഖയിൽ പുതുമയും ആത്മീയതയും കൂട്ടിച്ചേർക്കുന്ന ഒരു മനോഹര നാഴികക്കല്ലായി ഇത് നിലകൊള്ളുന്നു. ഒമാൻ എൻഡോവ്‌മെന്റ്സ്, മതകാര്യ മന്ത്രിയുടെ ഓഫീസിലെ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. ഇസ്മായിൽ ബിൻ നാസർ അൽ-ഔഫിയാണ് ഉദ്ഘാടന പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയത്. പ്രസംഗത്തിൽ അദ്ദേഹം പള്ളികൾ ആരാധനയുടെ മാത്രമല്ല, പഠനത്തിന്റെയും സമൂഹ ഐക്യത്തിന്റെയും കേന്ദ്രങ്ങളായിരിക്കണമെന്ന് ഓർമ്മിപ്പിച്ചു. ഖുർആൻ പാരായണം ഹൃദയങ്ങളിൽ സമാധാനം പകരുകയും വിശ്വാസികൾക്ക് മാർഗദീപമായിത്തീരുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.