Asianet News MalayalamAsianet News Malayalam

ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ മദ്യം വിൽക്കാൻ പാടില്ലെന്ന് സൗദി കസ്റ്റംസ്

വ്യോമ, കടൽ, കര കവാടങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്കും പുറത്തുപോകുന്നവർക്കുമായി ആവശ്യാനുസരണം ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ സ്ഥാപിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.

Alcohol will not be allowed to be sold at duty free shops in Saudi Arabia
Author
First Published Jan 9, 2023, 12:19 AM IST

റിയാദ്: സൗദി അറേബ്യയിലെ എയർപ്പോർട്ടുകളിലും മറ്റ് അതിർത്തി കവാടങ്ങളിലും പ്രവർത്തിക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ മദ്യം വിൽക്കാൻ അനുവദിക്കില്ലെന്ന് സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി. ട്വിറ്റർ ഹാൻഡിലിൽ ഉന്നയിച്ച ഒരു ചോദ്യത്തിന് മറുപടിയായാണ് അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്. 

ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ സ്ഥാപിക്കുന്നതിനുള്ള നിയമങ്ങൾക്കും ആവശ്യകതകൾക്കും അനുസൃതമായാണ് തീരുമാനമെന്നും അതോറിറ്റി കൂട്ടിച്ചേർത്തു. ഗൾഫ് അറബ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങൾക്കായുള്ള ഏകീകൃത കസ്റ്റംസ് നിയമമനുസരിച്ച് വ്യോമ, കടൽ, കര കവാടങ്ങളിൽ ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ സ്ഥാപിക്കുന്നതിനുള്ള കസ്റ്റംസ് നിയമങ്ങളും വ്യവസ്ഥകളും നടപടിക്രമങ്ങളും സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി വെള്ളിയാഴ്ചയാണ് നിശ്ചയിച്ചത്. ഡ്യൂട്ടി ഫ്രീ ഷോപ്പുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട ആവശ്യകതകൾ, നടത്തിപ്പ് ലൈസൻസുകൾ, മറ്റ് അനുബന്ധ നിയന്ത്രണങ്ങൾ എന്നിവ നിർണയിച്ചതിലുൾപ്പെടും.

വ്യോമ, കടൽ, കര കവാടങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്കും പുറത്തുപോകുന്നവർക്കുമായി ആവശ്യാനുസരണം ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ സ്ഥാപിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. തുടർന്നാണ് അതിനാവശ്യമായ നിയമങ്ങളും വ്യവസ്ഥകളും രൂപവത്കരിച്ചതെന്ന് അതോറിറ്റി വ്യക്തമാക്കി. യാത്രാക്കാർക്ക് ആവശ്യമായ ഷോപ്പിങ്ങിന് ഡ്യൂട്ടി ഫ്രീ ഷോപ്പുകളെ അനുയോജ്യമാക്കാനും വിപുലപ്പെടുത്താനും ഈ നിയമവ്യവസ്ഥ സഹായിക്കും.

അതോടൊപ്പം ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ പ്രാദേശിക കമ്പനികൾക്ക് വിൽപ്പന സൗകര്യം ഒരുക്കുന്നതിലൂടെ അത് ദേശീയ ഉത്പന്നങ്ങളുടെ പ്രമോഷനെ പിന്തുണക്കുകയും സഹായിക്കുകയും ചെയ്യും. നിലവിൽ ജിദ്ദ, റിയാദ്, ദമ്മാം, മദീന വിമാനത്താവളങ്ങളിലെ ഡിപ്പാർച്ചർ ടെർമിനലിലെ പാസഞ്ചേഴ്സ് ഹാളിലാണ് ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ പ്രവർത്തിക്കുന്നത്. വിമാനത്താവളങ്ങളിലെയും തുറമുഖങ്ങളിലെയും വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ കൂടുതൽ കവാടങ്ങളിൽ ആവശ്യാനുസരണം ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ വിപുലീകരിക്കാൻ കസ്റ്റംസ് ശ്രമിക്കും.

Read also:  കൈയില്‍ കിട്ടിയത് 1.35 ലക്ഷം ദിര്‍ഹം; ഇന്ത്യക്കാരന്റെ സത്യസന്ധതയെ അനുമോദിച്ച് ദുബൈ പൊലീസ്

Follow Us:
Download App:
  • android
  • ios