കോക്പിറ്റിലും ക്യാബിനിലും പുക റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് വിമാനം വഴിതിരിച്ചു വിട്ടു. സംഭവത്തിൽ നാല് ഫ്ലൈറ്റ് അറ്റന്‍ഡന്‍റുമാരും ഒരു യാത്രക്കാരനും ഉൾപ്പെടെ അഞ്ച് പേരെ പരിശോധനകൾക്കും ചികിത്സക്കുമായി പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി.
ഹൂസ്റ്റൺ: കോക്ക്പിറ്റിലും കാബിനിലും ‘പുക’ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് വിമാനം വഴിതിരിച്ചു വിട്ടു. ഓർലാൻഡോയിൽ നിന്ന് ഫീനിക്സിലേക്ക് പോകുകയായിരുന്ന അമേരിക്കൻ എയർലൈൻസ് വിമാനമാണ് കോക്ക്പിറ്റിലും ക്യാബിനിലും പുക അനുഭവപ്പെട്ടതിനെ തുടർന്ന് ഹൂസ്റ്റണിലെ ജോർജ്ജ് ബുഷ് ഇന്‍റര്‍കോണ്ടിനന്‍റൽ എയർപോർട്ടിലേക്ക് വഴിതിരിച്ചുവിട്ടത്.
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. സംഭവത്തിൽ അമേരിക്കൻ സിവിൽ ഏവിയേഷൻ റെഗുലേറ്ററി ഏജൻസിയായ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അന്വേഷണം ആരംഭിച്ചു. അമേരിക്കൻ എയർലൈൻസിന്റെ ഫ്ലൈറ്റ് 2118, കോക്ക്പിറ്റിലും കാബിനിലും പുക അനുഭവപ്പെട്ടതിനെ തുടർന്ന് നവംബർ 23 ഞായറാഴ്ച പ്രാദേശിക സമയം രാത്രി 7:10 ഓടെ ഹൂസ്റ്റണിലെ ജോർജ്ജ് ബുഷ് ഇന്‍റർകോണ്ടിനന്‍റൽ എയർപോർട്ടിൽ സുരക്ഷിതമായി ലാൻഡ് ചെയ്തതായി എഫ്എഎ വെബ്സൈറ്റിൽ കുറിച്ചു.
ഓർലാൻഡോ ഇന്‍റർനാഷണൽ എയർപോർട്ടിൽ നിന്ന് പുറപ്പെട്ട എയർബസ് എ321 വിമാനം ഫീനിക്സ് സ്കൈ ഹാർബർ ഇന്‍റർനാഷണൽ എയർപോർട്ടിലേക്കായിരുന്നു പോയിരുന്നത്. സംഭവത്തിൽ നാല് ഫ്ലൈറ്റ് അറ്റന്‍ഡന്‍റുമാരും ഒരു യാത്രക്കാരനും ഉൾപ്പെടെ അഞ്ച് പേരെ പരിശോധനകൾക്കും ചികിത്സക്കുമായി പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റിയതായി അമേരിക്കൻ എയർലൈൻസ് അറിയിച്ചു.
ഇത്തരം സംഭവം ആദ്യമായല്ല. കഴിഞ്ഞ ജൂൺ അവസാനത്തിലും സമാനമായ ഒരു കേസ് നടന്നിരുന്നു. അന്നും ദുരൂഹമായ ദുർഗന്ധം കാരണം നിരവധി യാത്രക്കാരെയും ജീവനക്കാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എഞ്ചിൻ ഓയിൽ, ഹൈഡ്രോളിക് ഫ്ലൂയിഡ് അല്ലെങ്കിൽ മറ്റ് മാലിന്യങ്ങൾ കാബിനിലെ എയർ സിസ്റ്റത്തിലേക്ക് കടന്നുകൂടുന്നത് ഉൾപ്പെടെ നിരവധി കാരണങ്ങൾ ഇത്തരത്തിലുള്ള സംഭവങ്ങൾക്ക് കാരണമാകാം.


