കണ്ണൂരിൽ നിന്ന് അബുദാബിയിലേക്ക് പോയ ഇൻഡിഗോ വിമാനം എത്യോപ്യയിലെ അഗ്നിപർവ്വത സ്ഫോടനത്തെ തുടർന്ന് അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടു. 10000 വർഷത്തിന് ശേഷം പൊട്ടിത്തെറിച്ച ഹെയ്‌ലി ഗുബ്ബി അഗ്നിപർവ്വതത്തിൽ നിന്നുള്ള പുകയാണ് വിമാന സർവീസുകൾക്ക് ഭീഷണിയായത്. 

അഹമ്മദാബാദ്: കണ്ണൂരിൽ നിന്ന് അബുദാബിയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനം വഴിതിരിച്ചുവിട്ടു. 6ഇ 1433 എന്ന വിമാനമാണ് അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടത്. എത്യോപ്യയിലെ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനെ തുടർന്നാണിത്. 10000 വർഷത്തിന് ശേഷം ആദ്യമായാണ് എത്യോപ്യയിൽ ഈ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. ഇൻഡിഗോ വിമാനം അഹമ്മദാബാദിൽ സുരക്ഷിതമായി ഇറങ്ങി. യാത്രക്കാർക്കായി കണ്ണൂരിലേക്ക് തിരിച്ച് സർവ്വീസ് നടത്തുമെന്ന് ഇൻഡിഗോ അറിയിച്ചു.

ഞായറാഴ്ചയാണ് ഹെയ്‌ലി ഗുബ്ബി അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. തുടർന്ന് ഉയരുന്ന പുക വിമാനങ്ങളുടെ പാതയ്ക്ക് ഭീഷണിയാവുകയാണ്. ദില്ലി, ജയ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള വിമാന സർവീസുകളെ ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് വിമാന കമ്പനികൾ നൽകുന്ന സൂചന. ചില വിമാനങ്ങൾ പുകമഞ്ഞ് ഒഴിവാക്കാൻ റൂട്ടുകൾ പുനക്രമീകരിക്കുകയാണ്.

അന്താരാഷ്ട്ര വ്യോമയാന പ്രോട്ടോകോൾ പ്രകാരം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ആകാശ എയർ പറഞ്ഞു. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് ഏറ്റവും മുൻ‌ഗണന നൽകുന്നതെന്നും ആകാശ അറിയിച്ചു. 

Scroll to load tweet…

ഹെയ്‌ലി ഗുബ്ബി അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത് 10000 വർഷത്തിന് ശേഷം

എത്യോപ്യയിലെ എർട്ട ആലെ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഹെയ്‌ലി ഗുബ്ബി അഗ്നിപർവ്വതത്തിൽ നിന്നും ഞായറാഴ്ച രാവിലെയാണ് അന്തരീക്ഷത്തിലേക്ക് ചാരത്തിന്‍റെയും സൾഫർ ഡൈ ഓക്സൈഡിന്‍റെയും അവശിഷ്ടങ്ങൾ പടർന്നത്. പുക 10 കിലോമീറ്റർ മുതൽ 15 കിലോമീറ്റർ വരെ ഉയർന്ന് ചെങ്കടലിന് കുറുകെ കിഴക്കോട്ട് നീങ്ങി.

ഒമാനിലെയും യെമനിലെയും പ്രദേശങ്ങളിൽ വരെ ഈ പുക പരന്നു. ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത് ഒമാന്റെ പരിസ്ഥിതി അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട് എന്നാണ്. എങ്കിലും ഇതുവരെ മലിനീകരണ തോത് വർദ്ധിച്ചതായി കണ്ടെത്തിയിട്ടില്ല.