സ്‍ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ സൗദി അറേബ്യയുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ അവ തകര്‍ത്തതായി അറബ് സഖ്യസേനാ വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി പറഞ്ഞു. 

റിയാദ്: സൗദി അറേബ്യ ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തിയ വ്യോമാക്രമണ ശ്രമം പരാജയപ്പെടുത്തിയതായി അറബ് സഖ്യസേന അറിയിച്ചു. വെള്ളിയാഴ്ച ഹൂതികള്‍ വിക്ഷേപിച്ച നാല് ഡ്രോണുകളാണ് സഖ്യസേന തകര്‍ത്തത്.

സ്‍ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ സൗദി അറേബ്യയുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ അവ തകര്‍ത്തതായി അറബ് സഖ്യസേനാ വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി പറഞ്ഞു. വെല്ലുവിളികള്‍ നേരിടാന്‍ സഖ്യസേന സജ്ജമാണ്. ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ നിന്ന് ഡ്രോണുകള്‍ വിക്ഷേപിക്കപ്പെട്ട ഉടന്‍ തന്നെ അവ നശിപ്പിക്കാന്‍ സഖ്യസേനയ്ക്ക് സാധിച്ചതായും അദ്ദേഹം പറഞ്ഞു.

ജനങ്ങളെ സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും അന്താരാഷ്ട്ര നിയമങ്ങള്‍ പ്രകാരം അറബ് സഖ്യസേന സ്വീകരിക്കുമെന്ന് അല്‍ മാലികി പറഞ്ഞു. സൗദി അറേബ്യ ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തുന്ന ഡ്രോണ്‍, ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ബുധനാഴ്ച ഹൂതി ശക്തി കേന്ദ്രങ്ങളില്‍ അറബ് സഖ്യസേന ആക്രമണം നടത്തിയിരുന്നു.