റിയാദ്: സൗദി അറേബ്യയില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടെത്തിയ അഞ്ച് ആളില്ലാ വിമാനങ്ങള്‍ തകര്‍ത്തതായി അറബ് സഖ്യസേന അറിയിച്ചു. ഇറാന്റെ പിന്തുണയോടെ യെമനിലെ ഹൂതികള്‍ സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ഡ്രോണുകള്‍  സൗദിയിലേക്ക് അയക്കുകയായിരുന്നുവെന്ന് അറബ് സഖ്യസേനാ വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി പറഞ്ഞു.

 സൗദി അറേബ്യയിലെ സാധാരണ ജനങ്ങളെയും സിവിലിയന്‍ മേഖലകളും ലക്ഷ്യമിട്ടായിരുന്നു ആക്രമണശ്രമം. എന്നാല്‍ ഡ്രോണുകള്‍ ലക്ഷ്യസ്ഥാനങ്ങളിലെത്തുന്നതിന് മുമ്പ് അറബ് സഖ്യസേന വെടിവെച്ചിടുകയായിരുന്നു. അതേസമയം സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച രണ്ട് ബോട്ടുകള്‍ ചെങ്കടലിന് തെക്ക് ഭാഗത്ത് വെച്ച് തകര്‍ത്തതായി സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട പ്രസ്‍താവനയില്‍ വ്യക്തമാക്കിയിരുന്നു.

റിമോട്ട് കണ്‍ട്രോളറില്‍ നിയന്ത്രിച്ചിരുന്ന ബോട്ടുകള്‍ അറബ് സഖ്യസേനയുടെ നാവിക വിഭാഗത്തിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. യെമനിലെ ഹുദൈദയില്‍ നിന്നാണ് ബോട്ടുകള്‍ പുറപ്പെട്ടതെന്നും തെക്കന്‍ ചെങ്കടലില്‍ ആക്രമണം നടത്തുകയായിരുന്നു ലക്ഷ്യമെന്നും സൗദി വൃത്തങ്ങള്‍ അറിയിച്ചു. പ്രാദേശിക-അന്താരാഷ്‍ട്ര സുരക്ഷക്കും കപ്പല്‍ ഗതാഗതത്തിനും ആഗോള വ്യാപാരത്തിനും ഭീഷണിയായ ബോട്ടുകളെ തകര്‍ക്കുകയായിരുന്നുവെന്ന് അറബ് സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു.