ബുധനാഴ്ച രാവിലെ ആറ് മുതൽ യെമനിലെ മുഴുവൻ സൈനിക പ്രവർത്തനങ്ങളും അവസാനിപ്പിക്കുന്നതായി അറബ് സഖ്യസേന വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലികി പ്രഖ്യാപിച്ചു.
റിയാദ്: ഗൾഫ് സഹകരണ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ റിയാദിൽ സമാധാന ചർച്ച ആരംഭിച്ച സാഹചര്യത്തിലും വിശുദ്ധ റംസാൻ മാസത്തിന്റെ പശ്ചാത്തലത്തിലും യെമനിലെ സൈനിക നടപടികൾ നിർത്തിവെച്ചതായി അറബ് സഖ്യസേന വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു. ബുധനാഴ്ച രാവിലെ ആറ് മുതൽ യെമനിലെ മുഴുവൻ സൈനിക പ്രവർത്തനങ്ങളും അവസാനിപ്പിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു.
കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. നാഇഫ് അൽ ഹജ്‌റഫിന്റെ അഭ്യർത്ഥന മാനിച്ചാണ് നടപടി. യമൻ പ്രതിസന്ധി അവസാനിപ്പിക്കാനും സമഗ്രമായ രാഷ്ട്രീയ പരിഹാരത്തിൽ എത്തിച്ചേരാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധിയുടെ മേൽനോട്ടത്തിലാണ് ചർച്ചകൾ നടന്നുവരികയാണ്. സഖ്യസേന വെടിനിർത്തൽ പാലിക്കുമെന്നും വെടിനിർത്തൽ വിജയകരമാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഉചിതമായ സാഹചര്യങ്ങൾ സൃഷ്ടിക്കുമെന്നും വിശുദ്ധ റമദാൻ മാസത്തിൽ സമാധാനത്തിനും സുസ്ഥിരതക്കും അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുമെന്നും ബ്രിഗേഡിയർ തുർക്കി അൽ മാലികി അറിയിച്ചു.
