ശബ്ദം കേട്ട് കെട്ടിടത്തിലെ ഒരു താമസക്കാരനാണ് സെക്യൂരിറ്റിയെ വിവരം അറിയിച്ചത്. സെക്യൂരിറ്റി എത്തി നോക്കിയപ്പോള്‍ കോണിപ്പടിയില്‍ രക്തം കണ്ടു. സ്റ്റെയര്‍ കേസിലേക്കുള്ള വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ മുകളിലത്തെ നിലയിലേക്ക് പോയി.

ദുബൈ: കാമുകിയെ കൊലപ്പെടുത്തിയ അറബ് യുവാവിന് വധശിക്ഷ. മറ്റൊരാളുമായുള്ള ബന്ധത്തെ തുടര്‍ന്ന് താനുമായുള്ള സ്നേഹബന്ധം ഉപേക്ഷിച്ചതിന്‍റെ വൈരാഗ്യത്തിലാണ് യുവാവ് കാമുകിയെ കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ദുബൈ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.

2020 ജൂലൈയിലാണ് കൊലപാതകം നടന്നത്. കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്ത പ്രതി ഇത് നടപ്പാക്കാനായി നിരവധി ദിവസങ്ങള്‍ പെണ്‍കുട്ടിയെ പിന്തുടരുകയും നിരീക്ഷിക്കുകയും ചെയ്തിരുന്നു. ദിവസങ്ങളോളം യുവതിയെ നിരീക്ഷിച്ച പ്രതി യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി കഴുത്തറുക്കുകയും വയറ്റില്‍ കുത്തുകയുമായിരുന്നു. ശബ്ദം കേട്ട് കെട്ടിടത്തിലെ ഒരു താമസക്കാരനാണ് സെക്യൂരിറ്റിയെ വിവരം അറിയിച്ചത്. സെക്യൂരിറ്റി എത്തി നോക്കിയപ്പോള്‍ കോണിപ്പടിയില്‍ രക്തം കണ്ടു. സ്റ്റെയര്‍ കേസിലേക്കുള്ള വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ മുകളിലത്തെ നിലയിലേക്ക് പോയി. തുടര്‍ന്ന് രക്തത്തില്‍ കുളിച്ച നിലയില്‍ യുവതിയെ കണ്ടെത്തുകയായിരുന്നു. 

ഉടന്‍ തന്നെ വിവരം ദുബൈ പൊലീസില്‍ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കുറിച്ച് സൂചന ലഭിക്കുകയും ഒരു ഷോപ്പിങ് മാളിനടത്ത് വെച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 2017ല്‍ യുവതിയുമായി ബന്ധം ഉണ്ടായിരുന്നതായി പ്രതി സമ്മതിച്ചു. എന്നാല്‍ യുവതിക്ക് മറ്റ് ബന്ധം ഉണ്ടെന്നും താനുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും പ്രതി സോഷ്യല്‍ മീഡിയ വഴി മനസ്സിലാക്കി. എന്നാല്‍ താനുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ യുവാവ് സമ്മതിച്ചില്ല. യുവാവിന്‍റെ നിരന്തര ഭീഷണിയെ തുടര്‍ന്ന് യുവതി രാജ്യം വിടുകയായിരുന്നു. എന്നാല്‍ രണ്ട് വര്‍ഷത്തിന് ശേഷം യുവതി ജോലിക്കായി തിരികെ ദുബൈയിലെത്തിയെന്ന് പ്രതി മനസ്സിലാക്കി.

Read Also -  ആകെ മൂന്ന് ദിവസം അവധി, പൊതു അവധി പ്രഖ്യാപിച്ചു; മന്ത്രാലയങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും അടച്ചിടുമെന്ന് കുവൈത്ത്

തുടര്‍ന്ന് പ്രതി യുവതിയുടെ ഓഫീസിലെത്തി അനുരഞ്ജനത്തിന് ശ്രമിച്ചു. ഇതിന് വഴങ്ങിയ യുവതി 55,000 ദിര്‍ഹം വായ്പയായി ആവശ്യപ്പെട്ടു. എന്നാല്‍ അടുത്തിടെ ജോലി നഷ്ടമായതിനാല്‍ യുവാവിന് 30,000 ദിര്‍ഹം മാത്രമെ നല്‍കാന്‍ സാധിച്ചുള്ളൂ. പണം നല്‍കിയ ശേഷമാണ് യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് യുവാവ് മനസ്സിലാക്കുന്നത്. ഇതേ തുടര്‍ന്ന് നടന്ന തര്‍ക്കത്തിനിടെ വീണ്ടും യുവാവിനെ ഉപേക്ഷിക്കുകയാണെന്ന് പറ‍ഞ്ഞ യുവതി കടം വാങ്ങിയ പണവും തിരികെ നല്‍കി. ഇതിന്‍റെ വൈരാഗ്യത്തിലാണ് യുവതിയെ കൊലപ്പെടുത്താമെന്ന തീരുമാനത്തില്‍ പ്രതി എത്തിച്ചേര്‍ന്നത്. യുവാവിന്‍റെ നിരന്തര ശല്യം യുവതി പൊലീസിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുവതിയെ ശല്യപ്പെടുത്തില്ലെന്ന് പൊലീസിന് ഉറപ്പു കൊടുത്ത പ്രതി വീണ്ടും യുവതിയെ പിന്തുടര്‍ന്നു. പിന്നീടാണ് പ്രതി യുവതിയുടെ താമസസ്ഥലത്ത് അതിക്രമിച്ച് കയറി കൊലപ്പെടുത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...