ആഢംബര കാര്‍ വാടകക്കെടുത്ത ശേഷം പണം നൽകാതെ മുങ്ങി തട്ടിപ്പ് നടത്തിയയാള്‍ക്കെതിരെ കേസെടുത്തു. വിശ്വാസവഞ്ചനയും സാമ്പത്തിക തട്ടിപ്പും ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
കുവൈത്ത് സിറ്റി: കുവൈത്തിലെ ഒരു പ്രമുഖ ആഢംബര കാർ റെന്‍റൽ കമ്പനിയെ വഞ്ചിച്ച് 2020 മോഡൽ റേഞ്ച് റോവർ കാർ വാടകയ്ക്കെടുത്ത് മുങ്ങിയ കുവൈത്ത് സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. വിശ്വാസവഞ്ചനയും സാമ്പത്തിക തട്ടിപ്പും ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 2025 ഒക്ടോബർ 12-നാണ് പ്രതി റേഞ്ച് റോവർ വാടകയ്ക്കെടുക്കുന്നത്. നവംബർ 25 വരെയുള്ള വാടക കൃത്യമായി നൽകിയിരുന്നു.
അതിനു ശേഷം ഫോൺ ഓഫ് ചെയ്ത് ഇയാൾ കമ്പനിയുമായുള്ള എല്ലാ ബന്ധവും വിച്ഛേദിച്ചു. ഡിസംബർ 2-ന് മറ്റൊരു നമ്പറിൽ നിന്ന് കമ്പനിയെ ബന്ധപ്പെട്ട ഇയാൾ കാർ തിരികെ നൽകിയെങ്കിലും കുടിശ്ശികയായ 970 ദിനാർ നൽകാൻ തയ്യാറായില്ല. കമ്പനിയുടെ പരാതിയെത്തുടർന്ന് ക്രിമിനൽ സെക്യൂരിറ്റി വിഭാഗം നടത്തിയ അന്വേഷണത്തിൽ, ഇയാൾക്കെതിരെ നേരത്തെ തന്നെ മറ്റൊരു തട്ടിപ്പ് കേസിൽ അറസ്റ്റ് വാറന്‍റ് നിലവിലുണ്ടെന്ന് കണ്ടെത്തി. പ്രതിയെ പിടികൂടാനായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.


