റോമിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി കൂടിടിക്കാഴ്ച നടത്തി പ്രവാസി ലീഗൽ സെൽ. പ്രവാസി ലീഗൽ സെൽ ഇറ്റലി ചാപ്റ്റർ പ്രതിനിധികളാണ് കൂടിക്കാഴ്ച നടത്തിയത്. പ്രവാസികളുടെ വിവിധങ്ങളായ പ്രശ്നങ്ങളെപ്പറ്റിയും വേണ്ട ഇടപെടലുകളെപ്പറ്റിയും വിശദമായ ചർച്ച നടത്തി.
റോം: റോമിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി പ്രവാസി ലീഗൽ സെൽ പ്രതിനിധികൾ. പ്രവാസി ലീഗൽ സെൽ ഇറ്റലി ചാപ്റ്റർ പ്രതിനിധികളാണ് കൂടിക്കാഴ്ച നടത്തിയത്. റോമിലെ ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനായ ഗൗരവ് ഗാന്ധി, സുഭാഷിണി ശങ്കരൻ എന്നിവരുമായി പ്രവാസി ലീഗൽ സെൽ ഇറ്റലി ചാപ്റ്റർ അദ്ധ്യക്ഷൻ പ്രൊഫ. ജോസ് ഫിലിപ്പ്, ജനറൽ സെക്രട്ടറി പ്രിയ ജോർജ്, ലീന ബ്രിട്ടൻ തുടങ്ങിയവരാണ് കൂടിക്കാഴ്ച നടത്തിയത്. പുതിയതായി രൂപം കൊണ്ട പ്രവാസി ലീഗൽ സെൽ ഇറ്റലിയൻ ചാപ്റ്റർ പ്രവർത്തനങ്ങൾക്ക് പിന്തുണ തേടിക്കൊണ്ട് നടന്ന സന്ദർശനത്തിൽ പ്രവാസികളുടെ വിവിധങ്ങളായ പ്രശ്നങ്ങളെപ്പറ്റിയും വേണ്ട ഇടപെടലുകളെപ്പറ്റിയും വിശദമായ ചർച്ച നടത്തി.
ഇറ്റലിയിലേക്ക് കുടിയേറുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ വിവിധ പ്രശ്നങ്ങളാണ് മുഖ്യമായും ചർച്ച ചെയ്തത്. കൂടാതെ ഇന്ത്യൻ എംബസിയുടെ പിന്തുണയോടെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇറ്റാലിയൻ ഭാഷ പഠിക്കാനായി പ്രവാസി ലീഗൽ സെൽ ഇറ്റലിയൻ ചാപ്റ്റർ ഒരു പഠനകേന്ദ്രം തുടങ്ങാൻ സന്നദ്ധമാണെന്നും പറയുകയുണ്ടായി. സുരക്ഷിത കുടിയേറ്റം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ബോധവത്കരണവും മറ്റു സഹായങ്ങളും ചെയ്യുവാൻ പിഎൽസി സന്നദ്ധമാണെന്നും ഈ വിഷയങ്ങളിലെല്ലാം ഇന്ത്യൻ എംബസിയുടെ മുഴുവൻ പുന്തുണയും പ്രവാസി ലീഗൽ സെൽ ഇറ്റലിയൻ ചാപ്റ്ററിനുണ്ടാവുമെന്നും ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനായ ഗൗരവ് ഗാന്ധി ഉറപ്പു നൽകി.
പ്രവാസി ലീഗൽ സെൽ ഇറ്റലിയൻ ചാപ്റ്റർ മാതൃകയാക്കി കൊണ്ട് ജർമ്മനി, സ്വിട്സർലാൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്കും പിഎൽസിയുടെ പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ്റ് അഡ്വ. ജോസ് എബ്രഹാം, ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്ത് എന്നിവർ പറഞ്ഞു.


