രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും എല്ലാ ഗവര്‍ണറേറ്റുകളിലും ഇത്തരം അപ്രതീക്ഷിത പരിശോധനകള്‍ തുടരുന്നുവെന്ന് സെക്യൂരിറ്റി വൃത്തങ്ങള്‍ അറിയിച്ചു. വിവിധ രാജ്യക്കാരായ പ്രവാസി നിയമലംഘകരെയും കേസുകളില്‍ പിടിയിലാവാനുള്ളവരെയും ലക്ഷ്യമിട്ടാണ് ഇത്തരം പരിശോധനകള്‍.
കുവൈത്ത് സിറ്റി: കുവൈത്തില്‍ തൊഴില്‍, താമസ നിയമ ലംഘകരെ കണ്ടെത്താനായി നടത്തുന്ന വ്യാപക പരിശോധനകള്‍ തുടരുന്നു. കഴിഞ്ഞ ദിവസം സൂര്യോദയത്തിന് മുമ്പ് ബിനൈദ് അല്‍ ഖര്‍ ഏരിയയില്‍ നടത്തിയ പരിശോധനയില്‍ നൂറോളം പ്രവാസികളെ അറസ്റ്റ് ചെയ്‍തതായി പ്രാദേശിക മാധ്യമമായ അല്‍ റായ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ക്യാപിറ്റല്‍ സെക്യൂരിറ്റി ഡയറക്ടറേറ്റിലെ പബ്ലിക് സെക്യൂരിറ്റി സെക്ടറാണ് പരിശോധന നടത്തിയത്.
പിടിയിലായ പ്രവാസികളില്‍ തൊഴില്‍ നിയമ ലംഘകരും താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് തുടരുന്നവരും വിവിധ കേസുകളില്‍ പൊലീസ് അന്വേഷിച്ചുകൊണ്ടിരുന്നവരും ഉള്‍പ്പെടുന്നു. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും എല്ലാ ഗവര്‍ണറേറ്റുകളിലും ഇത്തരം അപ്രതീക്ഷിത പരിശോധനകള്‍ തുടരുന്നുവെന്ന് സെക്യൂരിറ്റി വൃത്തങ്ങള്‍ അറിയിച്ചു. വിവിധ രാജ്യക്കാരായ പ്രവാസി നിയമലംഘകരെയും കേസുകളില്‍ പിടിയിലാവാനുള്ളവരെയും ലക്ഷ്യമിട്ടാണ് ഇത്തരം പരിശോധനകള്‍.
കുവൈത്ത് ആഭ്യന്തര മന്ത്രി, ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി, പബ്ലിക് സെക്യൂരിറ്റി സെക്ടര്‍ അണ്ടര്‍ സെക്രട്ടറി എന്നിവരുടെ നിര്‍ദേശപ്രകാരമാണ് പരിശോധന വ്യാപകമാക്കിയിരിക്കുന്നത്. സമൂഹത്തിന്റെ സുരക്ഷയ്‍ക്ക് തന്നെ ഭീഷണി ഉയര്‍ത്തുന്ന അനധികൃത താമസക്കാരെയും നിയമലംഘകരെയും പിടികൂടുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അറിയിച്ചിട്ടുണ്ട്.
Read also: അനാശാസ്യ പ്രവര്‍ത്തനം സംശയിച്ച് അപ്പാര്‍ട്ട്മെന്റുകളില്‍ റെയ്ഡ്; നിയമലംഘകരായ പ്രവാസികളെ പിടികൂടി
ബാച്ചിലര്‍മാരായ പ്രവാസികളും താഴ്‍ന്ന വരുമാനക്കാരായ തൊഴിലാളികളും താമസിക്കുന്ന പ്രദേശങ്ങള്‍ കണ്ടെത്തി അവരുടെ താമസ സ്ഥലങ്ങള്‍ പ്രത്യേകമായി ലക്ഷ്യം വെച്ചാണ് പരിശോധന നടത്തുന്നതെന്ന് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ എല്ലാ സെക്ടറുകളും സഹകരിച്ചും ഒരുമിച്ച് ചേര്‍ന്നുമാണ് പരിശോധന നടത്തുന്നത്. ഇതിനായി നേരത്തെ തന്നെ പ്രത്യേക പദ്ധതി ആസൂത്രണം ചെയ്യുന്നുമുണ്ട്. കഴിഞ്ഞയാഴ്‍ച ചില പ്രദേശങ്ങള്‍ നേരത്തെ തന്നെ വിശദമായി നിരീക്ഷിച്ച ശേഷം സ്ഥലം പൂര്‍ണമായി വളഞ്ഞായിരുന്നു പരിശോധന നടത്തിയത്. ഒരു നിയമലംഘകന്‍ പോലും പരിശോധനാ സംഘത്തിന്റെ പിടിയിലാവാതെ രക്ഷപെടരുതെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം കര്‍ശന പരിശോധനകള്‍ നടത്തുന്നത്.
നിയമലംഘനത്തിന് പിടിയിലാവുന്ന പ്രവാസികളെ നാടുകടത്തുന്നതിന് മുമ്പ് താമസിപ്പിക്കാന്‍ പ്രത്യേകം കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. അറസ്റ്റിലായുന്നവര്‍ക്ക് പിന്നീട് അഞ്ച് വര്‍ഷത്തേക്ക് ഒരു ഗള്‍ഫ് രാജ്യത്തേക്കും മടങ്ങിവരാന്‍ സാധിക്കുകയുമില്ല. ഗള്‍ഫ് സുരക്ഷാ സഹകരണ ചട്ടങ്ങളിലൂടെയാണ് ഇത്തരം വിലക്കേര്‍പ്പെടുത്തുന്നത്.
