Asianet News MalayalamAsianet News Malayalam

യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ച രാജ് കുമാറിന്റെ ചിതാ ഭസ്മം നാട്ടിലെത്തിക്കാന്‍ തയ്യാറായി താഹിറ

അച്ഛനെ അവസാനമായി കാണാന്‍ കഴിയാന്‍ ഭാഗ്യം ലഭിക്കാതിരുന്ന അദ്ദേഹത്തിന്റെ മക്കള്‍, അദ്ദേഹത്തിന്റെ ചിതാ ഭസ്‍മമെങ്കിലും ലഭിക്കണമെന്ന് ആഗ്രഹിക്കുകയായിരുന്നു.

ashes of an indian expat died two years back in UAE due to covid to be repatriated to his homeland next week
Author
Dubai - United Arab Emirates, First Published Aug 12, 2022, 12:18 PM IST

ദുബൈ: യുഎഇയില്‍ കൊവിഡ് ബാധിച്ച് രണ്ട് വര്‍ഷം മുമ്പ് മരിച്ച തമിഴ്‍നാട് സ്വദേശിയുടെ ചിതാഭസ്‍മം നാട്ടിലെത്തിക്കാന്‍ തയ്യാറായി കോഴിക്കോട്ടുകാരി താഹിറ. രണ്ടു വര്‍ഷത്തോളമായി ചിതാഭസ്‍മം നിധിപോലെ കാത്തുസൂക്ഷിച്ചിരിക്കുകയായിരുന്ന കോട്ടയംകാരന്‍ സിജോയില്‍ നിന്ന് താഹിറ കഴിഞ്ഞ ദിവസം ചിതാഭസ്‍മമടങ്ങിയ പെട്ടി ഏറ്റുവാങ്ങി. അടുത്ത ദിവസം തന്നെ നാട്ടിലേക്ക് പറക്കുന്ന താഹിറ,  കന്യാകുമാരിയിലെത്തി ചിതാഭസ്‍മം രാജിന്റെ മക്കള്‍ക്ക് കൈമാറും.

2020 മെയ് മാസമാണ് അല്‍ ഐനില്‍ കൊവിഡ് ബാധിച്ച് മരിച്ച കന്യാകുമാരി സ്വദേശി രാജ് കുമാര്‍ മരിച്ചത്. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മൃതദേഹം നാട്ടിലെത്തിക്കാന്‍ സാധിക്കാത്തതിനാല്‍, യുഎഇയില്‍ തന്നെ സംസ്‍കരിച്ച ശേഷം ചിതാ ഭസ്‍മം അജ്‍മാനിലെ ഖലീഫ ആശുപത്രിയില്‍ സൂക്ഷിച്ചു. രാജയുടെ മരണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നാട്ടില്‍ കൊവിഡ് ബാധിതയായ അദ്ദേഹത്തിന്‍റെ ഭാര്യയും മരണപ്പെട്ടു. അച്ഛനെ അവസാനമായി കാണാന്‍ കഴിയാന്‍ ഭാഗ്യം ലഭിക്കാതിരുന്ന അദ്ദേഹത്തിന്റെ മക്കള്‍, അദ്ദേഹത്തിന്റെ ചിതാ ഭസ്‍മമെങ്കിലും ലഭിക്കണമെന്ന് ആഗ്രഹിക്കുകയായിരുന്നു.

ഒരു വാട്സ്ആപ് ഗ്രൂപ്പില്‍ നിന്നാണ് കോട്ടയം സ്വദേശി സിജോ, രാജ് കുമാറിന്റെ മക്കളുടെ ഈ ആഗ്രഹം അറിഞ്ഞത്. അദ്ദേഹം രേഖകള്‍ വരുത്തി ആശുപത്രിയില്‍ നിന്ന് ചിതാ ഭസ്‍മം ഏറ്റുവാങ്ങി, സ്വന്തം താമസ സ്ഥലത്ത് സൂക്ഷിച്ചു. രണ്ട് വര്‍ഷമായി ചിതാ ഭസ്‍മം സൂക്ഷിച്ചെങ്കിലും അത് നാട്ടിലെത്തിക്കാന്‍ അദ്ദേഹത്തിന് പല കാരണങ്ങള്‍ കൊണ്ട് സാധിച്ചില്ല. ഇതിനിടെ കൊവിഡ് പ്രതിസന്ധിയില്‍ ഒരു വര്‍ഷത്തോളം ജോലി നഷ്ടമാവുകയും ചെയ്‍തു. നാട്ടിലേക്ക് പറക്കുന്ന ഉറ്റവരോടെല്ലാം ചിതാ ഭസ്‍മം കൊണ്ടുപോകുന്ന കാര്യം അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. ചിതാ ഭസ്‍മം കൊണ്ടുപോകുന്നതിനും നിരവധി നടപടിക്രമങ്ങള്‍ പൂര്‍ത്തിയേക്കേണ്ടതുണ്ടായിരുന്നു.

മരിച്ച രാജയുടെ മക്കള്‍ എല്ലാ ദിവസവും സിജോയെ വിളിക്കും, അച്ഛന്റെ ഓര്‍മ്മകളുറങ്ങുന്ന പെട്ടി ഭദ്രമാണെന്ന് ഉറപ്പുവരുത്താന്‍.  ഇതുവരെ ഭാര്യയും കുട്ടിയും പോലും അറിയാതെ ചിതാഭസ്മം താമസ സ്ഥലത്ത് സൂക്ഷിച്ച സിജോ, അടുത്തിടെ കുടുംബം നാട്ടിലേക്ക് പോയ ശേഷമാണ് സുമനസുകളുടെ സഹായം തേടാന്‍ തീരുമാനിച്ചത്. ഇക്കാര്യം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാതാവിനു പിന്നാലെ പിതാവും നഷ്ടമായ കുട്ടികളുടെ ദുഖം അനാഥാലയത്തില്‍ പഠിച്ചു വളര്‍ന്ന സിജോക്ക് മനസിലാക്കാന്‍ ഒരു പ്രയാസവുമുണ്ടായില്ല.

സിജോയുടെ അഭ്യര്‍ത്ഥന വാര്‍ത്തകളില്‍ നിറഞ്ഞതോടെ അല്‍ ഐന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓഡിയോളജിസ്റ്റായ കോഴിക്കോടുകാരി താഹിറ ആ ദൗത്യം ഏറ്റെടുക്കാന്‍ മുന്നോട്ടുവരികയായിരുന്നു. ഇതിനാവശ്യമായ നടപടിക്രമങ്ങളെല്ലാം കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് പൂര്‍ത്തീകരിച്ചതായി താഹിറ പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളില്‍ നാട്ടിലേക്ക് പോയി ചിതാ ഭസ്‍മം രാജ് കുമാറിന്റെ ബന്ധുക്കളെ ഏല്‍പ്പിക്കാനാവുമെന്നാണ് താഹിറയുടെ പ്രതീക്ഷ. എല്ലാ പിന്തുണയുമായി ഭര്‍ത്താവ് ഫസല്‍ റഹ്മാനും മക്കളും ഒപ്പമുണ്ട്.

രാജ് കുമാറിന്റെ മരണ വാര്‍ത്ത അറിഞ്ഞതിന് പിന്നാലെ വീട്ടില്‍ ബന്ധുക്കള്‍ പ്രതീകാത്മകമായി  കല്ലറയൊരുക്കി സംസ്‍കാര ചടങ്ങുകള്‍ നടത്തിയിരുന്നു. ചിതാ ഭസ്‍മവുമായി താഹിറ എത്തുമ്പോള്‍ അത് കല്ലറയില്‍ അടക്കം ചെയ്ത് ചടങ്ങുകള്‍ നടത്തണമെന്നാണ് രാജ് കുമാറിന്റെ മക്കളുടെ ആഗ്രഹം. 

Read also:  ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ വാഹ​നാപകടം; പ്രവാസി മലയാളി മരിച്ചു

Follow Us:
Download App:
  • android
  • ios