ദുബായ്: യുഎഇയിലെ വിവാഹിതരായ പ്രവാസികള്‍ക്കിടയിലെ മികച്ച പാചകക്കാരനെ കണ്ടെത്താനായി ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച മൈ സൂപ്പര്‍ ഷെഫില്‍ തൃശൂര്‍ സ്വദേശി ദീപക് വിജയിയായി. വാശിയേറിയ മത്സരത്തില്‍ ആലപ്പുഴക്കാരന്‍ സാഗറിനെ പിന്നാലക്കിയാണ് ദീപക് നേട്ടം സ്വന്തമാക്കിയത്. രണ്ടു മാസം നീണ്ടതായിരുന്നു പാചകമത്സരം.

യോഗ്യത റൗണ്ടില്‍ നിന്ന് തെരഞ്ഞെടുത്ത 10 പേരാണ് ആവേശകരമായ പോരാട്ടത്തില്‍ ഏറ്റുമുട്ടിയത്. മത്സരം സമനിലയിലായപ്പോള്‍ സെമി ഫൈനല്‍ പലപ്പോഴും സ്പെഷല്‍ റൗണ്ടിലേക്കും നീണ്ടു. ഗ്രാന്‍ഫ് ഫിനാലെയില്‍ ഒടുവില്‍ കൊടുങ്ങല്ലൂരുകാരന്‍ ദീപക് ശരത് മൈ സൂപ്പര്‍ ഷെഫ് കിരീടത്തില്‍ മുത്തമിടുകയായിരുന്നു.

ആറുവര്‍ഷം മുമ്പ് ഗള്‍ഫിലെത്തിയ ദീപക് ദുബായിലെ എഎ ട്രേഡിംഗ് കമ്പനിയില്‍ ജോലി ചെയ്യുകയാണ്. സാഗര്‍ അരക്കംപള്ളി ചന്ദ്ര ബാനു രണ്ടാം സ്ഥാനം കരസ്ഥമാക്കി. പതിനേഴ് വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന ഈ ആലപ്പുഴക്കാരന്‍ ദുബായില്‍ സ്വന്തമായി ബിസിനസ് നടത്തുകയാണ്.

യുഎഇയില്‍ താമസിക്കുന്ന വിവാഹിതരായ പുരുഷന്മാര്‍ക്കിടയിലെ മികച്ച പാചകക്കാരനെ കണ്ടെത്താനാണ് ഏഷ്യാനെറ്റ് ന്യൂസ് മൈ സൂപ്പര്‍ ഷെഫ് മത്സരം നടത്തിയത്. ഗള്‍ഫിലെ പാചക ലോകത്ത് മികവു തെളിയിച്ച ഷെഫ് തൗഫീക്ക് സക്കറിയ, ഷെഫ് സജിത്രന്‍ കെ ബാലന്‍, വിനിത പ്ലാക്കോട്ട് എന്നിവരടുന്ന പാനലാണ് മത്സരം നിയന്ത്രിച്ചത്. അഭിനേത്രി രശ്മി സോമനായിരുന്നു അവതാരക.