രണ്ടു ഡോസ് വാക്‌സിൻ എടുത്ത് മൂന്നു മാസം കഴിഞ്ഞവർക്ക് ഒമാനില്‍ മൂന്നാം ഡോസായി ആസ്‍ട്രസെനിക വാക്സിന്‍ സ്വീകരിക്കാന്‍ അനുമതി.

മസ്‍കത്ത്: ഒമാനില്‍ (ഒമാന്‍) ബൂസ്റ്റര്‍ ഡോസായി ആസ്‍ട്രസെനിക വാക്സിനും (AstraZeneca Booster Dose) ഉപയോഗിക്കാം. ആരോഗ്യ മന്ത്രാലയം(Ministry of Health) കഴിഞ്ഞ ദിവസമാണ് ഇതിന് അനുമതി നല്‍കിയത്. നേരത്തെ ആസ്‍ട്രസെനിക വാക്സിന്റെ തന്നെ രണ്ട് ഡോസുകള്‍ (Two vaccine doses) പൂര്‍ത്തിയാക്കിവര്‍ക്ക് താത്പര്യമുണ്ടെങ്കില്‍ ബൂസ്റ്റര്‍ ഡോസായും ആസ്‍ട്രസെനിക വാക്സിന്‍ തന്നെ സ്വീകരിക്കാമെന്നാണ് പുതിയ അറിയിപ്പ്.

രണ്ടു ഡോസ് വാക്‌സിൻ എടുത്ത് മൂന്നു മാസം കഴിഞ്ഞവർക്കാണ് നിലവില്‍ ഒമാനില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. നിലവിൽ ഫൈസര്‍ വാക്സിനാണ് ഒമാനില്‍ ബൂസ്റ്റര്‍ ഡോസായി നല്‍കി വന്നിരുന്നത്. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ 18 വയസിന് മുകളില്‍ പ്രായമുള്ള വിദേശികളും സ്വദേശികളും എത്രയും വേഗം ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്നും ഒമാന്‍ സുപ്രീം കമ്മിറ്റി അഭ്യർത്ഥിച്ചു.

മസ്‌കത്ത്: ഒമാനില്‍ കഴിഞ്ഞ ദിവസം 750 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 171 പേര്‍ കൂടി രോഗമുക്തരാവുകയും ചെയ്‍തു. കഴിഞ്ഞ ദിവസവും കൊവിഡ് ബാധിച്ച് പുതിയതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

രാജ്യത്ത് ഇതുവരെ 3,10,338 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 3,01,458 പേരും ഇതിനോടകം രോഗമുക്തരായിക്കഴിഞ്ഞു. 4,119 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ 97.1 ശതമാനമാണ് ഒമാനിലെ കൊവിഡ് രോഗമുക്തി നിരക്ക്. പുതിയതായി 16 കൊവിഡ് രോഗികളെ കൂടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആകെ 64 കൊവിഡ് രോഗികളാണ് രാജ്യത്ത് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ ആറുപേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുന്നുവെന്നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.