ഒരാളെയും പിതാവ് കുറ്റം പറയുന്നത് താന്‍ കണ്ടിട്ടില്ലെന്നും സ്‌നേഹത്തിന്റെ ഭാഷ മാത്രമെ വശമുണ്ടായിരുന്നുള്ളൂവെന്നും ഡോ. മഞ്ജു പറഞ്ഞു.

ദുബൈ: അന്തരിച്ച പ്രമുഖ വ്യവസായിയും സിനിമാ നിര്‍മ്മാതാവുമായ അറ്റ്‌ലസ് രാമചന്ദ്രനെ അനുസ്മരിച്ച് മകള്‍ ഡോ. മഞ്ജു രാമചന്ദ്രന്‍. അറ്റ്‌ലസ് രാമചന്ദ്രന്റെ മൃതദേഹം ദുബൈയില്‍ സംസ്‌കരിച്ചതിന് ശേഷം നടന്ന അനുസ്മരണ ചടങ്ങിലാണ് മകള്‍ പിതാവിനെ കുറിച്ച് സംസാരിച്ചത്. ഒരാളെയും പിതാവ് കുറ്റം പറയുന്നത് താന്‍ കണ്ടിട്ടില്ലെന്നും സ്‌നേഹത്തിന്റെ ഭാഷ മാത്രമെ വശമുണ്ടായിരുന്നുള്ളൂവെന്നും ഡോ. മഞ്ജു പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ മുഴുവന്‍ അച്ഛനെക്കുറിച്ചുള്ള കുറിപ്പുകളാണ്. അദ്ദേഹം സാധാരണ വ്യക്തി ആയിരുന്നില്ല. എല്ലാവരുടെയും ഹൃദയത്തില്‍ അച്ഛന് ഒരിടം കൊടുത്തു. അച്ഛനെ നേരില്‍ കാണാത്ത ആളുകള്‍ പോലും അദ്ദേഹത്തെ സ്‌നേഹിക്കുന്നുണ്ടെന്നും മകള്‍ പറഞ്ഞു. 

അച്ഛനുമായി ഉണ്ടായിരുന്ന ബന്ധത്തിന്റെ ആഴത്തെ കുറിച്ചും അവര്‍ സംസാരിച്ചു. ' അച്ഛനുമായി എനിക്കുണ്ടായിരുന്ന ബന്ധം ചെറിയ പിണക്കങ്ങളും ഇണക്കങ്ങളും ചേര്‍ന്നതായിരുന്നു. എനിക്ക് അച്ഛനോട് ചെറിയൊരു പരിഭവമുണ്ട്. അദ്ദേഹം മറ്റുള്ള അച്ഛന്‍മാര്‍ ഓമനിക്കുന്ന പോലെ എന്നെ ഓമനിച്ചിട്ടില്ല. എന്തുകൊണ്ടെന്ന് എനിക്കറിയില്ല, അതിനുള്ള ഉത്തരവും നല്‍കിയിട്ടില്ല. ജൂവലറിയില്‍ ഞാന്‍ ജോലിക്ക് കയറിയപ്പോള്‍ അച്ഛന്‍ മറ്റുള്ള ജോലിക്കാരോട് പെരുമാറുന്നത് പോലെ തന്നെയാണ് എന്നോടും പെരുമാറിയിരുന്നത്. യാതൊരു പരിഗണനയും നല്‍കിയില്ല. അദ്ദേഹത്തിന്റെ ഓഫീസിലെ ഒരു മൂലയിലാണ് എന്നെ ഇരുത്തിയത്. ഈ പാഠങ്ങളെല്ലാം ജീവിതത്തില്‍ എന്തു പ്രതിസന്ധി വന്നാലും തരണം ചെയ്യാന്‍ എന്നെ പ്രാപ്തയാക്കി'- മഞ്ജു ഓര്‍ത്തെടുത്തു.

Read More: ഒരു ഷോറൂമെങ്കിലും വീണ്ടും തുറക്കണമെന്ന സ്വപ്നം ബാക്കിയാക്കി അറ്റ്‍ലസ് രാമചന്ദ്രന്‍ മടങ്ങുമ്പോള്‍

'ഗര്‍ഭിണിയായിരുന്ന സമയത്ത് എനിക്ക് ഛര്‍ദ്ദിയാണെന്നും വയ്യെന്നും പറഞ്ഞ് അച്ഛനെയും അമ്മയെയും വിളിച്ചു. ഗര്‍ഭകാലം ഇങ്ങനെയാണെന്നും ഇതെല്ലാം അനുഭവിക്കേണ്ടി വരുമെന്നും അച്ഛന്‍ പറഞ്ഞു. എന്നാല്‍ രണ്ടു ദിവസത്തിന് ശേഷം അദ്ദേഹം ദുബൈയില്‍ നിന്ന് എന്നെ കാണാന്‍ തിരുവനന്തപുരത്ത് വന്നു. അച്ഛന്‍ പെട്ടി തുറന്നപ്പോള്‍ അതില്‍ എനിക്ക് വളരെ ഇഷ്ടമുള്ള, അമ്മയുണ്ടാക്കുന്ന മാങ്ങാ കൂട്ടാനും തക്കാളി കറിയും ഉണ്ടായിരുന്നു. ആ ദിവസമാണ് അച്ഛന്‍ എന്നെ എത്രമാത്രം സ്‌നേഹിക്കുന്നെന്ന് മനസ്സിലായത്. ഇനി എത്ര ജന്മം ഉണ്ടെങ്കിലും അച്ഛന്‍റെ മകളായി ജനിക്കണം'- മഞ്ജു പറഞ്ഞു. അച്ഛന്‍ ഒരാളെയും കുറ്റം പറയുന്നത് കണ്ടിട്ടില്ലെന്നും എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുമെന്നും മജ്ഞു കൂട്ടിച്ചേര്‍ത്തു. 

Read more- അന്തര്‍ധാരകള്‍ തിരിച്ചറിഞ്ഞില്ല, മാനേജര്‍മാര്‍ ചതിച്ചു; തകര്‍ച്ചയെക്കുറിച്ച് അറ്റ്‍ലസ് രാമചന്ദ്രന്‍ പറഞ്ഞത്...

ഹൃദയാഘാതത്തെ തുടർന്ന് ദുബായിലെ ആസ്റ്റര്‍ മന്‍ഖൂള്‍ ഹോസ്പിറ്റലില്‍ ഞായറാഴ്ച രാത്രിയോടെയായിരുന്നു അറ്റ്ലസ് രാമചന്ദ്രന്‍റെ അന്ത്യം. ജബലലി ക്രിമറ്റോറിയത്തിലായിരുന്നു സംസ്കാരചടങ്ങുകൾ നടന്നത്. കൊവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് സംസ്കാരചടങ്ങുകളിൽ പങ്കെടുത്തത്. അറ്റ്‍ലസ് രാമചന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചിരുന്നതിനാൽ പൊതുദര്‍ശനം ഒഴിവാക്കിയിരുന്നു.