മൂന്നു വർഷം തടവും 1,50,000 ദിർഹം പിഴയുമാണ് ദുബായ് ക്രിമിനൽ കോടതി വിധിച്ചത്

ദുബായ്: തൊഴിലാളി ക്യാമ്പിൽ സഹവാസിയായ സ്വദേശിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇന്ത്യക്കാരന് ശിക്ഷ വിധിച്ച് ദുബായ് ക്രിമിനൽ കോടതി. മൂന്നു വർഷം തടവും 1,50,000 ദിർഹം പിഴയുമാണ് വിധിച്ചിരിക്കുന്നത്. ഇന്ത്യക്കാരനായ പ്രതിക്ക് 23 വയസ്സുണ്ട്. 

2023 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. അൽ ഖോസ് വ്യവസായിക മേഖലയിലെ തൊഴിലാളി ക്യാമ്പിൽ താമസക്കാരാണ് ഇരുവരും. മദ്യപാനത്തിനിടെ ഇവർക്കിടയിൽ തർക്കമുണ്ടാകുകയും ഇതിനിടെ പ്രതി സഹവാസിയെ കുത്തിപരിക്കേൽപ്പിക്കുകയുമായിരുന്നു. ഇരയുടെ കഴുത്തിലും മുഖത്തും നെഞ്ചിലുമായി ആഴത്തിൽ മുറിവുകളുണ്ടായിരുന്നു. വിവരം ലഭിച്ചയുടൻ സ്ഥലത്തെത്തിയ പോലീസ് നിലത്ത് രക്തം വാർന്ന നിലയിലാണ് ഇയാളെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയും ചെയ്തു. 

read also: സമ്മാനത്തുക 56 കോടി, ​കുവൈത്തിലെ ഗൾഫ് ബാങ്ക് `ദാന മില്ല്യണയർ നറുക്കെടുപ്പ് ' ഫെബ്രുവരി 13ന്

കുറ്റം ചെയ്തത് മദ്യ ലഹരിയിലാണെന്നും സംഭവ ദിവസത്തെ കാര്യങ്ങൾ വിശദമായി ഓർക്കുന്നില്ലെന്നും വിചാരണയ്ക്കിടെ പ്രതി പറഞ്ഞു. എന്നാൽ, സംഭവം നടക്കുമ്പോൾ പ്രതി വിചിത്രമായാണ് പെരുമാറിയതെന്നും കുത്തിപരിക്കേൽപ്പിച്ച ശേഷം പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നെന്നും ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തിന് ശേഷം പ്രതി തൊഴിലാളികളുടെ താമസസ്ഥലത്ത് അതിക്രമിച്ച് കയറി ബഹളം വെച്ചതായും കോടതി റിപ്പോർട്ടിൽ പറയുന്നുണ്ട്.