ബാങ്കിങ് സേവന രംഗത്ത് ഉപഭോക്താക്കൾക്ക് ഏറ്റവും കൂടുതൽ ക്യാഷ് പ്രൈസ് നൽകുന്ന നറുക്കെടുപ്പ് പദ്ധതിയാണിത്.
കുവൈത്ത് സിറ്റി: കുവൈത്തിലെ ബാങ്കിങ് സ്ഥാപനമായ ഗൾഫ് ബാങ്കിന്റെ അൽ ദാന വാർഷിക മില്ല്യണയർ ഗ്രാൻഡ് നറുക്കെടുപ്പ് ഫെബ്രുവരി 13ന് നടക്കും. ബാങ്കിങ് സേവന രംഗത്ത് ഉപഭോക്താക്കൾക്ക് ഏറ്റവും കൂടുതൽ ക്യാഷ് പ്രൈസ് നൽകുന്ന നറുക്കെടുപ്പ് പദ്ധതിയാണിത്. അൽ ഖിറാൻ മാളിൽ വെച്ച് നടക്കുന്ന ചടങ്ങിലാണ് വിജയിയെ പ്രഖ്യാപിക്കുന്നത്. 20 ലക്ഷം കുവൈത്ത് ദിനാർ ആണ് വിജയിക്ക് സമ്മാനത്തുകയായി ലഭിക്കുന്നത്. വാണിജ്യ വ്യവസായ മന്ത്രാലയത്തിൻ്റെയും ഏണസ്റ്റ് ആൻഡ് യങ്ങിൻ്റെയും മേൽനോട്ടത്തിൽ നറുക്കെടുപ്പ് പ്രഖ്യാപനം 360 FM റേഡിയോയിൽ തത്സമയം സംപ്രേക്ഷണം ചെയ്യും. വൈകുന്നേരം നാല് മണിക്കും എട്ട് മണിക്കും ഇടയിലാണ് നറുക്കെടുപ്പ് നടക്കുന്നത്.
read also: കുവൈത്ത്, പുരാതന സംസ്കാരങ്ങളുടെ പ്രവേശന കവാടം
അർധ വാർഷിക നറുക്കെടുപ്പിൽ വിജയിക്കുന്നയാൾക്ക് സമ്മനത്തുകയായി 10 ലക്ഷം കുവൈത്ത് ദിനാറാണ് ലഭിക്കുക. നറുക്കെടുപ്പിൽ പങ്കാളികളാകുന്നതിന് ഉപഭോക്താക്കൾ അവരുടെ അക്കൗണ്ടിൽ 200 കുവൈത്ത് ദിനാറെങ്കിലും മിനിമം ബാലൻസ് നിലനിർത്തേണ്ടതായുണ്ട്. നിക്ഷേപം വർധിപ്പിക്കുന്നതിലൂടെ ബാങ്കിന്റെ പ്രതിമാസ, ത്രൈമാസ, വാർഷിക നറുക്കെടുപ്പുകളിൽ പങ്കെടുക്കുന്നതിനുള്ള അവസരങ്ങളും ലഭ്യമാകുന്നതായിരിക്കും. ദാന നറുക്കെടുപ്പിൽ പങ്കെടുക്കാനുള്ള സമയ പരിധി നവംബർ 30നാണ് അവസാനിച്ചിരുന്നത്. മലയാളികളുൾപ്പടെ നിരവധി പ്രവാസികൾ ബാങ്കിടപാടുകൾക്കായി ആശ്രയിക്കുന്നത് ഗൾഫ് ബാങ്കിനെയാണ്. അതുകൊണ്ടുതന്നെ നറുക്കെടുപ്പ് പ്രഖ്യാപനം ഏറെ പ്രതീക്ഷയോടെയാണ് മലയാളികളുൾപ്പെടുന്ന പ്രവാസി സമൂഹവും കാത്തിരിക്കുന്നത്.
