പ്രധാനമന്ത്രി പദം എന്നത് ആജീവനാന്ത പദവിയല്ല. നാളെ എന്ത് സംഭവിക്കുമെന്ന് ആര്‍ക്കുമറിയില്ല. മരുമകനെന്ന നിലയിലാണ് റിഷിയെ കാണുന്നത്. മകനെ പോലെയാണ് കാണുന്നത്.
ഷാര്‍ജ: മകളുടെ ഭര്‍ത്താവ് ബ്രീട്ടീഷ് പ്രധാനമന്ത്രിയായത് തന്നെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് പ്രശസ്ത എഴുത്തുകാരിയും ഇൻഫോസിസ് മുൻ ചെയര്‍മാന്‍ എന്‍ ആര്‍ നാരായണമൂര്‍ത്തിയുടെ പത്നിയുമായ സുധ മൂര്‍ത്തി. റിഷി സുനക് ബ്രിട്ടീഷ് പൗരനാണ്. അവിടുത്തെ പ്രധാനമന്ത്രിയാണ്. അത് തന്നെ ഒരുതരത്തിലും ബാധിക്കില്ല. റിഷി പ്രധാനമന്ത്രിയായതോടെ താന്‍ കൂടുതൽ കരുത്തയായെന്നാണ് പലരും കരുതുന്നത്. അത് അവരുടെ കാഴ്ചപ്പാടിന്‍റെ പ്രശ്നമാണെന്ന് സുധ മൂര്‍ത്തി ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി പദം എന്നത് ആജീവനാന്ത പദവിയല്ല. നാളെ എന്ത് സംഭവിക്കുമെന്ന് ആര്‍ക്കുമറിയില്ല. മരുമകനെന്ന നിലയിലാണ് റിഷിയെ കാണുന്നത്. മകനെ പോലെയാണ് കാണുന്നത്. തന്റെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങുന്നത് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് അല്ല, മറിച്ച് തന്റെ മരുമകൻ റിഷി സുനക് ആണെന്നും സുധ മൂര്‍ത്തി പറഞ്ഞു. ഷാര്‍ജയില്‍ കുട്ടികളുടെ വായനോല്‍സവത്തിലാണ് അവര്‍ മനസ് തുറന്നത്. പണത്തിന് തന്റെ ജീവതത്തില്‍ ഒരു മാറ്റവും ഉണ്ടാക്കാനായിട്ടില്ല. ഒരു ചെറിയ വീട് ആയാലും താന്‍ സന്തോഷവതിയാണ്. ഒരു പരിധിക്കപ്പുറം നിങ്ങൾക്ക് ഒന്നും നല്‍കാന്‍ പണത്തിനാകില്ല. കൂടുതല്‍ പണം എന്നാല്‍ തന്നെ സംബന്ധിച്ച് കൂടുതല്‍ പേരെ സഹായിക്കുകയെന്നതാണ് അര്‍ഥമെന്നും അവര്‍ പറഞ്ഞു
ആറ്റുകാല്‍ പൊങ്കാലയിടാന്‍ വന്ന അനുഭവവും സദസിനു മുന്നില്‍ അവര്‍ പങ്കുവച്ചു. എല്ലാവരും തുല്യരാണെന്ന സന്ദേശമാണ് ആറ്റുകാല്‍ പൊങ്കാല നല്‍കുന്നത്. അതാണ് പൊങ്കാലയിടാൻ തന്നെ പ്രേരിപ്പിച്ചത്. മലയാളിയായ സെക്രട്ടറിക്കും മരുമകൾക്കും ഒപ്പം ആരും അറിയാതെയാണ് പൊങ്കാലയിടാനെത്തിയത്. തൊട്ടടുത്ത് പൊങ്കാലയിട്ടിരുന്ന സ്ത്രീ താന്‍ ആരാണെന്ന് അറിയാതെ തന്നെ പൊങ്കാല ഇടാന്‍ സഹായിച്ചതും, പൊങ്കാല നിവേദ്യം നല്‍കിയതും അവര്‍ ഓര്‍ത്തെടുത്തു.
കുട്ടികള്‍ക്കായി ഒട്ടേറെ പുസ്തകങ്ങൾ എഴുതിയിട്ടുള്ള അവര്‍ ഒരു കാര്യം വ്യക്തമായി പറയുന്നു. കുട്ടികൾക്കുള്ള സാഹിത്യരചന എളുപ്പമുള്ള കാര്യമല്ല. എല്ലാ കാര്യങ്ങളെയും കൗതുകത്തോടെ കാണാന്‍ കഴിയണം. ആ രചനകളില്‍ മോശമായതൊന്നും ഉണ്ടാകാന്‍ പാടില്ല. ഒരു കാര്യം ഇഷ്ടപ്പെട്ടില്ലെങ്കില്‍ കുട്ടികൾ അത് തുറന്ന് പറയും. എഴുത്തുകാരിയെന്നോ, നാരായണമൂര്‍ത്തിയുടെ പത്നിയെന്നോ ഒന്നും അവര്‍ ചിന്തിക്കില്ല. അതേസമയം ഫോണും കംപ്യൂട്ടര്‍ ഉപയോഗവും എല്ലാം കുട്ടികളുടെ വായനാ ശീലത്തെ ബാധിച്ചിട്ടുണ്ട്. കംപ്യൂട്ടര്‍ ഉപയോഗം ആവശ്യത്തിന് മാത്രമായി പരിമിതപ്പെടുത്തണം. കുട്ടികളെ ദിവസവും ഒരു നിശ്ചിത സമയം വായിക്കാന്‍ പ്രേരപ്പിക്കണം. അതിന് മാതാപിതാക്കൾ പുസ്തകങ്ങൾ വായിച്ച് മാതൃക കാണിക്കണം. കുട്ടികളോട് പുസ്തകം വായിക്കാന്‍ പറഞ്ഞിട്ട് മാതാപിതാക്കൾ വാട്സ് ആപ്പില്‍ നോക്കിയിരുന്നാല്‍ കുട്ടികളില്‍ വായനാശീലമുണ്ടാകില്ലെന്നും അവര്‍ ഓര്‍മിപ്പിച്ചു.
Read also: റോഡിലെ അഭ്യാസ പ്രകടനങ്ങള്‍ക്ക് വലിയ വില കൊടുക്കേണ്ടിവരും; അപകട വീഡിയോ പുറത്തുവിട്ട് പൊലീസ്
