എമര്‍ജന്‍സി ആന്റ് റാപ്പിഡ് ഇന്റര്‍വെന്‍ഷന്‍ ടീം മേധാവി ഖാലിദ് അല്‍ ഫാദിലിയുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥരെത്തിയത്. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസികളുടെ താമസ സ്ഥലങ്ങളില്‍ വ്യാപക പരിശോധന. ഫഹാഹീല്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം അല്‍ അഹ്‍മദി ഗവര്‍ണറേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥരെത്തി റെയ്‍ഡ് നടത്തി. പ്രൈവറ്റ് ഹൗസിങ് ഏരിയകളില്‍ പ്രവാസി ബാച്ചിലര്‍മാര്‍ താമസിക്കുന്നത് തടയുകയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം. താമസസ്ഥലങ്ങളിലെ വിവിധ നിയമലംഘങ്ങളും ഇവര്‍ പരിശോധിച്ചു.

എമര്‍ജന്‍സി ആന്റ് റാപ്പിഡ് ഇന്റര്‍വെന്‍ഷന്‍ ടീം മേധാവി ഖാലിദ് അല്‍ ഫാദിലിയുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥരെത്തിയത്. നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുള്ള കെട്ടിടങ്ങളില്‍ വീണ്ടും ബാച്ചിലര്‍മാര്‍ താമസിക്കുന്നത് കണ്ടെത്തിയ സ്ഥലങ്ങളില്‍ കെട്ടിടങ്ങളിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കാന്‍ നിര്‍ദ്ദേശം നല്‍കി. വൈദ്യുതി മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍, എണ്‍വയോണ്‍മെന്റ് പബ്ലിക് അതോറിറ്റി, ആഭ്യന്തര മന്ത്രാലയം എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പരിശോധനാ സംഘത്തിലുണ്ടായിരുന്നു. മുനിസിപ്പാലിറ്റി ആക്ടിങ് ഡയറക്ടര്‍ എഞ്ചിനീയര്‍ സൗദി അല്‍ ദബ്ബൂസിന്റെ നിര്‍ദേശപ്രകാരമാണ് പരിശോധനകളെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

അല്‍ അഹ്‍മദി ഗവര്‍ണറേറ്റിലെ വിവിധ സ്ഥലങ്ങളില്‍ കഴിഞ്ഞ മാസം തന്നെ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തുകയും റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ ബാച്ചിലര്‍മാര്‍ താമസിക്കുന്ന കെട്ടിടങ്ങളില്‍ നിന്ന് അവരെ ഒഴിപ്പിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി കെട്ടിടങ്ങളുടെ ഘടനയില്‍ മാറ്റം വരുത്തുന്നത് ഉള്‍പ്പെടെയുള്ള മറ്റ് നിയമ ലംഘനങ്ങളും കണ്ടെത്തി. കെട്ടിടങ്ങള്‍ വാടകയ്ക്ക് എടുത്ത ശേഷം അവയില്‍ മാറ്റം വരുത്തി മറ്റ് പ്രവാസികള്‍ക്ക് നിയമവിരുദ്ധമായി വാടകയ്ക്ക് കൊടുക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

Read also: ഒട്ടിപ്പിടിച്ച തലകളുമായുള്ള ദുരിതജീവിതം ഇനിയില്ല; സല്‍മയെയും സാറയെയും ഡോക്ടര്‍മാര്‍ വിജയകരമായി വേര്‍പ്പെടുത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
YouTube video player