Asianet News MalayalamAsianet News Malayalam

Covid Restrictions : കൊവിഡ് നിയമലംഘനം; ഖത്തറില്‍ 409 പേര്‍ക്കെതിരെ കൂടി നടപടി

മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാതിരുന്നതിന് 12 പേരെയാണ് അധികൃതര്‍ പിടികൂടിയത്. പിടിയിലായ എല്ലാവരെയും തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി.

Authorities in Qatar caught 409 people for violating covid rules
Author
Doha, First Published Feb 28, 2022, 10:26 PM IST

ദോഹ: ഖത്തറില്‍ (Qatar) കൊവിഡ് നിയന്ത്രണങ്ങള്‍(Covid restricions) ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കുന്നത് തുടരുന്നു. നിയമം ലംഘിച്ച 409 പേര്‍ കൂടി തിങ്കളാഴ്ച പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 397 പേരെയും മാസ്‌ക്  ധരിക്കാത്തതിനാണ് (Not wearing masks) അധികൃതര്‍ പിടികൂടിയത്.

മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാതിരുന്നതിന് 12 പേരെയാണ് അധികൃതര്‍ പിടികൂടിയത്. പിടിയിലായ എല്ലാവരെയും തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് ആളുകളെയാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളത്.

ക്യാബിനറ്റ് തീരുമാനത്തിന് അനുസൃതമായാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. എല്ലാ  പൊതുസ്ഥലങ്ങളിലും മാസ്‌ക് ധരിക്കണമെന്നത് രാജ്യത്ത് നിര്‍ബന്ധമാണ്. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക. ഇതുവരെ ആയിരക്കണക്കിന് പേരെയാണ് ഇത്തരത്തില്‍ അധികൃതര്‍ പിടികൂടി തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.  

പ്രവാസി മലയാളി യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

അബുദാബി: പ്രവാസി മലയാളി യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട്ട് തച്ചമ്പാറ മുത്തുക്കുറുശി പെരുമങ്ങാട്ടു ചേരിക്കല്‍ വീട്ടില്‍ അമല്‍ സാബു (22) ആണ് മരിച്ചത്. ഹോട്ടല്‍ ജീവനക്കാരനായിരുന്ന അദ്ദേഹത്തെ അബുദാബി (Abu Dhabi) മുസഫയിലെ താമസ സ്ഥലത്ത് മരിച്ച നിലില്‍ കണ്ടെത്തുകയായിരുന്നു.

ശനിയാഴ്‍ച രാത്രി വരെ ജോലി ചെയ്‍ത ശേഷം വിശ്രമിക്കാനായി മുറിയിലേക്ക് പോയതായിരുന്നു. ഞായറാഴ്‍ച ജോലി സ്ഥലത്ത് എത്താതിരുന്നതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ മുറിയില്‍ പോയി അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ബനിയാസ് മോര്‍ച്ചറിയിലേക്ക് മാറ്റി. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള ശ്രമം തുടരുന്നുവെന്ന് അദ്ദേഹം ജോലി ചെയ്‍തിരുന്ന സ്ഥാപനത്തിന്റെ ഉടമകള്‍ അറിയിച്ചു. 

സൗദി അറേബ്യയിൽ അഭിഭാഷകരുടെ പെരുമാറ്റ ചട്ടം പരിഷ്‍കരിച്ചു

റിയാദ്: സൗദി അറേബ്യയിൽ (Saudi Arabia) അഭിഭാഷകരുടെ പെരുമാറ്റ ചട്ടം പരിഷ്കരിച്ചു. പ്രൊഫഷണൽ ഉത്തരവാദിത്തം വർധിപ്പിക്കുന്നതിനും തൊഴിൽ സംരക്ഷണം ഉറപ്പാക്കുന്നതിനും സൗദി ബാർ അസോസിയേഷനുമായി (Saudi Bar Association) ഏകോപിപ്പിച്ച് നീതിന്യായ മന്ത്രാലയം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് പെരുമാറ്റച്ചട്ടങ്ങൾ പരിഷ്‌കരിച്ചിരിക്കുന്നത്. 

അഭിഭാഷക പ്രൊഫഷണൽ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായ പ്രവൃത്തിയുണ്ടായാൽ അഭിഭാഷക റോളിൽനിന്ന് നീക്കം ചെയ്യുക, അഭിഭാഷക ലൈസൻസ് റദ്ദാക്കുക, അഭിഭാഷക വൃത്തിയിൽനിന്ന് നിശ്ചിതകാലത്തേക്ക് നീക്കം ചെയ്യുക, മൂന്ന് ലക്ഷം റിയാലിൽ കവിയാത്ത പിഴ ചുമത്തുക തുടങ്ങിയവയാണ്  ശിക്ഷാനടപടികൾ.

നിയമ മേഖലയിൽ പുതിയ ഭേദഗതികളും മാറ്റങ്ങളും ആധുനികവൽക്കരണവും നടപ്പാക്കിക്കൊണ്ടുള്ള ഗുണപരമായ കുതിച്ചുചാട്ടമാണ് വിഷൻ 2030 ന്റെ ഭാഗമായി നടക്കുന്നതെന്ന് കിംഗ് അബ്ദുൽഅസീസ് സർവകലാശാലയിലെ ശരീഅ പൊളിറ്റിക്‌സ് ആന്റ് കംപാരറ്റീവ് സിസ്റ്റംസ് പ്രൊഫസർ ഡോ. ഹസൻ മുഹമ്മദ് സഫർ പറഞ്ഞു. ജുഡീഷ്യറി ഏറെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട മേഖലയാണെന്നും യോഗ്യതയില്ലാത്തവരും കേവലം സാമൂഹിക അന്തസ്സിനായി അഭിഭാഷക ജോലിയിൽ ഏർപ്പെടുന്നവരും ഈ മേഖലക്ക് കളങ്കമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Follow Us:
Download App:
  • android
  • ios